ദോഹ: ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർ 5000 ഖത്തർ റിയാൽ കയ്യിൽക്കരുതണം എന്ന നിബന്ധന പാലിക്കാത്തതിനാൽ ഹമദ് എയർപോർട്ടിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ കോഴിക്കോട് നിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഇവരെ എയർപോർട്ടിൽ തടഞ്ഞു വെക്കുകയായിരുന്നു. 10 മണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷം അതേ വിമാനത്തിൽ തിരിച്ചയക്കാൻ തീരുമാനിച്ചു.
എല്ലാവരും തന്നെ സൗദി പ്രവാസികളാണ്. ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തി 14 ദിവസം പിന്നിട്ട ശേഷം സൗദിയിലേക്ക് തിരിക്കാനുള്ള രീതിയിൽ വന്നവരായിരുന്നു ഇവർ. ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർക്ക് ചെലവുകൾ ഉറപ്പുവരുത്താനായി, 5000 ഖത്തർ റിയാൽ കയ്യിലോ തത്തുല്യ തുക ഇന്റർനാഷണൽ ബാങ്ക് കാർഡിലോ ഉണ്ടാവേണ്ടത് നേരത്തെ തന്നെ നിർബന്ധമാണ്. ട്രാവൽ ഏജൻസികളോ എയർ ഇന്ത്യയോ ഇക്കാര്യം ഇവരെ അറിയിച്ചില്ലെന്നതും പരിശോധകൾ കർക്കശമല്ലാത്തതിനാൽ ഈ നിബന്ധന അധികം അറിയപ്പെട്ടില്ലെന്നതുമാണ് വിനയായത്. റാൻഡം പരിശോധനയിൽ തിരഞ്ഞെടുക്കപ്പെട്ടതും തിരിച്ചടിയായി.
എംബസി ഇടപെടണമെന്ന ആവശ്യം ഉയർന്നെങ്കിലും നിരാശയായിരുന്നു ഫലം. അധികൃതർ നിബന്ധന കർശനമാക്കിയതോടെ തിരികെ മടങ്ങാതെ വഴിയില്ലെന്നായി. തിരികെ മടക്കത്തിനായി 2000 റിയാലോളം എയർ ഇന്ത്യ ഇവരിൽ നിന്നാവശ്യപ്പെട്ടതായും എന്നാൽ ഏറെ തർക്കത്തിനൊടുവിൽ 650 റിയാലിന് വിമാനത്തിൽ കയറാൻ അനുവദിച്ചതായുമാണ് റിപ്പോർട്ട്.