Qatar

പ്രവാസ യൗവനത്തിന്റെ രണ്ട് പതിറ്റാണ്ട്; ആഘോഷങ്ങളുടെ നിറവില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍

ദോഹ: വ്യതിരിക്തവും ക്രിയാത്മകവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ സര്‍ഗാത്മഗമായി മുന്നോട്ട് നയിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍. വ്യത്യസ്തമായ ശൈലിയിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തനപഥത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തി ഇരുപത് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയതിനെ വിപുലമായ പരിപാടികളിലൂടെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് സംഘടന. ഖത്തര്‍ ദേശീയ വിഷന്‍ 2030 മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹിക പരിവര്‍ത്തനത്തനവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വ്യത്യസ്തങ്ങളായ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ തീരുമാനിച്ചിരിക്കുന്നത്.

ഖത്തറിന്റെ ഭൂമികയില്‍ 2005 ല്‍ സ്ഥാപിതമായ ഫോക്കസ് ഖത്തര്‍ ഇന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഇന്ത്യയിലും ജി സി സി രാജ്യങ്ങളിലുമായി വ്യാപിച്ചിരിക്കുകയാണ്. ഖത്തറിലെ എംബസ്സിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐ സി സി) രെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന സംഘടന സാഹോദര്യം, അനുസരണം, പ്രതിബദ്ധത, ഐക്യം, സേവനം എന്നീ പഞ്ചസ്തംഭങ്ങളിലായാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. മാനവ വിഭവശേഷി, സാമൂഹ്യ സേവനം, സാമ്പത്തികം, കല, കായികം, മാര്‍ക്കറ്റിംഗ്, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങി വിവിധ വകുപ്പുകളിലൂടെ പ്രവാസി യുവതയുടെ കഴിവും താത്പര്യവും അനുസരിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ സേവനത്തിന് നിരവധി അവസരങ്ങളാണ് സംഘടന ഒരുക്കാറുള്ളത്.

20 വര്‍ഷക്കാലത്തെ പ്രയാണത്തില്‍ സാമൂഹ്യനന്മയ്ക്കുതകുന്ന ഒട്ടനവധി പദ്ധതികളും ശ്രദ്ധേയമായ കാംപയിനുകളും ഇതിനകം ഫോക്കസ് ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴില്‍ ലഭ്യതയ്ക്കും, തൊഴില്‍ വളര്‍ച്ചക്കുമുതകുന്ന വ്യക്തിത്വവികാസത്തിന് ആവശ്യമായ കരിയര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഈ കാലയളവില്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളും, ക്യാന്‍സര്‍ വാര്‍ഡുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളും ആരോഗ്യ രംഗത്ത് സംഘടന അര്‍പ്പിക്കുന്ന സേവനങ്ങളില്‍ ചിലതാണ്. 10,000 സ്‌മൈലീസ്, സമ്മര്‍ കൂള്‍ എന്നീ പദ്ധതികള്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാകള്‍ക്കായി വര്‍ഷം തോറും നടത്തി വരാറുള്ള പദ്ധതികളാണ്. എജ്യൂ ഫോക്കസ്, ഇക്കോ ഫോക്കസ്, ദോഹ യൂത്ത് കോണ്‍ഫറന്‍സ്, ലാ തുസ്രിഫൂ, ലാ തുദ്മിനൂ, ഹെല്‍ത്ത് ഇന്‍ ഫോര്‍ ഡയമെന്‍ഷന്‍സ്, ഹീല്‍ ദ ഹാര്‍ട്ട് ഹീല്‍ ദ വേള്‍ഡ്, ഡോണ്ട് ലൂസ് ഹോപ്പ് തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ കാംപയിനുകള്‍ നടത്താനും ഇക്കാലയളവില്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. പത്താം വാര്‍ഷികാഘോഷ വേളയില്‍ ജാര്‍ഖണ്ടിലെ പിന്നോക്ക ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ സംഭാവന ചെയ്തത് വലിയ നേട്ടമായിരുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ ബൂട്ട് കത്താറയില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കാനും സംഘടയ്ക്ക് സാധിച്ചിട്ടുണ്ട്.

പ്രവാസ യൗവനത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ വളരെ ക്രിയാത്മകമായി പൂര്‍ത്തിയാക്കിയത് ആഘോഷിക്കാന്‍ ഒരു വര്‍ഷക്കാലം നിണ്ടു നില്‍ക്കുന്ന വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പദ്ധതികളാണ് ഫോക്കസ് ഒരുക്കിയിരിക്കുന്നത് എന്ന് സി ഇ ഒ ഹാരിസ് പി ടി പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസ്താവിച്ചു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 മുന്നോട്ട് വെയ്ക്കുന്ന എഡ്യുക്കേഷന്‍, ഹെല്‍ത്ത് & വെല്‍നെസ്, സസ്‌റ്റൈനബിലിറ്റി എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളെ ആസ്പദമാക്കിയായിക്കും പരിപാടികള്‍ നടക്കുക. എജ്യു സമ്മിറ്റ്, ഹെല്‍ത്ത് & വെല്‍നെസ് സമ്മിറ്റ്, ഇക്കോ സമ്മിറ്റ് തുടങ്ങിയ മൂന്ന് പ്രധാന പ്രോഗ്രാമുകളും അനുബന്ധമായ ഇരുപതോളം പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഘോഷ പ്രഖ്യാപനവും, ലോഗോ പ്രകാശന ചടങ്ങും ജനുവരി 17, വെള്ളിയാഴ്ച, വൈകിട്ട് 7 മണിക്ക് അബൂ ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ വാഗ്മിയും ചിന്തകനുമായ ഡോ അബ്ദുസ്സമദ് സമദാനി എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്‌മാന്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷബീര്‍ വെള്ളാടത്ത് (സൗദി) സി ഒ ഒ ഫിറോസ് മരക്കാര്‍ (കുവൈത്ത്), കൂടാതെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

ഹിലാലിലെ അരോമ റസ്റ്റോറന്റില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തില്‍ ഹാരിസ് പി ടി (സി ഇ ഒ), അമീര്‍ ഷാജി (സി ഒ ഒ), ഫായിസ് ഏളയോടത്ത് (സി എഫ് ഒ), അസ്‌ക്കര്‍ റഹ്‌മാന്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ആശിക് ബേപ്പൂര്‍, റാഷിക് ബക്കര്‍, സഫീറുസ്സലാം, ഷനീജ് എടത്തനാട്ടുകര, ഹമദ് ബിന്‍ സിദ്ധീഖ്, അമീനുര്‍റഹ്‌മാന്‍ എ എസ്, ഹാഫിസ് ഷബീര്‍, മൊയ്തീന്‍ ഷാ, ഡോ. റസീല്‍ മൊയ്തീന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button