എച്ച്എംസിയുടെ സീലൈൻ മെഡിക്കൽ ക്ലിനിക്ക് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും
2024/2025 ശൈത്യകാല ക്യാമ്പിംഗ് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) സീലൈൻ മെഡിക്കൽ ക്ലിനിക്ക് നാളെ, വ്യാഴാഴ്ച്ച തുറക്കും. പതിനഞ്ചാമത്തെ വർഷമാണ് ക്ലിനിക്ക് പ്രവർത്തനം നടത്തുന്നത്. 2025 ഏപ്രിൽ 30 വരെ, സീസണിലുടനീളം ഇത് തുറന്നിരിക്കും.
ക്യാമ്പിംഗ് സീസണിൽ എല്ലാ വാരാന്ത്യങ്ങളിലും ക്ലിനിക് തുറന്ന് പ്രവർത്തിക്കുമെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറും സീലൈൻ ക്ലിനിക്കിൻ്റെ പ്രോജക്ട് മാനേജരുമായ ഹസൻ മുഹമ്മദ് അൽ ഹെയിൽ പറഞ്ഞു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ശനിയാഴ്ച്ച രാത്രി 10 മണി വരെ ഇത് പ്രവർത്തിക്കും.
ഓരോ ക്യാമ്പിംഗ് സീസണിലും സീലൈൻ മെഡിക്കൽ ക്ലിനിക് തുറക്കുന്നത് ഖത്തറിലെ എല്ലാവർക്കും ആരോഗ്യപരിരക്ഷ നൽകാനുള്ള എച്ച്എംസിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് അൽ ഹെയിൽ പറഞ്ഞു. സീലൈൻ, ഖോർ അൽ അദൈദ് പ്രദേശങ്ങളിലെ ബീച്ച് യാത്രക്കാർക്കും ക്യാമ്പർമാർക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന രീതിയിൽ, സീലൈൻ ബീച്ച് ഫ്രണ്ടിലാണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. ക്യാമ്പിംഗ് സീസണിലുടനീളം ഇത് മെഡിക്കൽ, എമർജൻസി സേവനങ്ങൾ നൽകുന്നു.
ക്ലിനിക്കിൽ സപ്ലൈകളും മരുന്നുകളും പൂർണ്ണമായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും എല്ലാത്തരം മെഡിക്കൽ അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമെന്നും എച്ച്എംസിയിലെ എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻ്റും സീലൈൻ ക്ലിനിക്കിൻ്റെ മെഡിക്കൽ സൂപ്പർവൈസറുമായ ഡോ. വാർദ അലി അൽസാദ് പറഞ്ഞു. പ്രവർത്തനസമയത്ത് ഒരു ഡോക്ടറും നഴ്സും ഉണ്ടായിരിക്കും, ആവശ്യമെങ്കിൽ എയർ ആംബുലൻസ് പിന്തുണയ്ക്കായി സമീപത്ത് ഒരു ഹെലിപാഡും ഉണ്ടായിരിക്കും.
“ജലദോഷം, ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾ, പൊള്ളൽ പോലെയുള്ള ചെറിയ പരിക്കുകൾ തുടങ്ങി ചെറിയതും മിതമായതുമായ വിവിധ കേസുകൾ ചികിത്സിക്കാൻ ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നു. കൂടുതൽ ഗുരുതരമായ കേസുകളുണ്ടെങ്കിൽ, തീവ്രതയനുസരിച്ച്, ആംബുലൻസ് അല്ലെങ്കിൽ എയർ ആംബുലൻസ് വഴി രോഗികളെ ആശുപത്രിയിലേക്ക് മാറ്റും.” ഡോ. അൽസാദ് പറഞ്ഞു.
സീലൈൻ ഏരിയയിൽ ആംബുലൻസ് സേവനം 24/7 സമയവും ലഭ്യമാണെന്ന് എച്ച്എംസിയിലെ ആംബുലൻസ് സർവീസ് ഫോർ ഇവൻ്റ്സ് ആൻഡ് എമർജൻസി പ്ലാനിംഗ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സാലിഹ് നാസർ അൽ മഗരെ പറഞ്ഞു. ക്ലിനിക് സമയങ്ങളിൽ മണൽകൂനകളിൽ നിന്ന് രോഗികളെ ക്ലിനിക്കിലേക്കോ എയർ ആംബുലൻസ് ഏരിയയിലേക്കോ എത്തിക്കുന്നതിനുള്ള രണ്ട് ഫോർ വീൽ ഡ്രൈവ് ആംബുലൻസുകൾക്കൊപ്പം പ്രദേശത്ത് രണ്ട് സാധാരണ ആംബുലൻസുകളും നിലയുറപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ച മുതൽ ശനി വരെയുള്ള വാരാന്ത്യങ്ങളിലും സ്കൂൾ അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ള സമയത്തും സീലൈൻ ക്യാമ്പിംഗ് ഏരിയയിൽ ആംബുലൻസുകളുടെ എണ്ണം വർധിപ്പിക്കും. ഈ സമയങ്ങളിൽ ആറ് സാധാരണ ആംബുലൻസുകളും അഞ്ച് ഫോർ വീൽ ഡ്രൈവ് ആംബുലൻസുകളും ഇവിടെയുണ്ടാകും.