സൗദി അറേബ്യയുടെ സ്വപ്നനഗര പദ്ധതിയുടെ ഭാഗമായി ആഡംബര ദ്വീപ് റിസോർട്ട് തുറന്നു
സൗദി അറേബ്യയുടെ ഫ്യൂച്ചറിസ്റ്റിക് മെഗാ-സിറ്റി പ്രോജക്റ്റായ NEOM, അടുത്തിടെ അതിൻ്റെ ആദ്യത്തെ ഫിസിക്കൽ ലൊക്കേഷനായി ചെങ്കടലിൽ സിന്ദാല എന്ന ആഡംബര ദ്വീപ് റിസോർട്ട് തുറന്നതായി പ്രഖ്യാപിച്ചു. ഈ പുതിയ ഡെസ്റ്റിനേഷനിൽ റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബോട്ടുകൾക്കുള്ള ഡോക്കുകൾ എന്നിവയെല്ലാമുണ്ട്.
NEOM പൂർത്തിയാക്കുന്നതിനുള്ള സാധ്യതയെ പലരും ചോദ്യം ചെയ്യുന്ന സമയത്താണ് ദ്വീപ് റിസോർട്ട് തുറന്നിരിക്കുന്നത്. ചൊവ്വാഴ്ച റിയാദിൽ ആരംഭിക്കുന്ന “ദാവോസ് ഇൻ ദി ഡെസേർട്ട്” എന്ന പേരിലുള്ള ഒരു പ്രധാന നിക്ഷേപക പരിപാടി നടക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.
സിന്ദാലയുടെ ഉദ്ഘാടനത്തോടെ, ആഡംബര ടൂറിസത്തിൽ സൗദി അറേബ്യക്കുള്ള താൽപര്യത്തെ NEOM പിന്തുണയ്ക്കുകയാണെന്ന് NEOM-ൻ്റെ CEO, നദ്മി അൽ നസ്ർ പറഞ്ഞു. 840,000 ചതുരശ്ര മീറ്റർ (200 ഏക്കർ) വിസ്തൃതിയുള്ള സിന്ദാല 2028-ഓടെ ദിവസവും 2,400 അതിഥികളെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
NEOM-ന്റെ ഭാഗമായുള്ള ദി ലൈൻ എന്ന പദ്ധതി ഏറെ പ്രശസ്തമാണ്. തീരത്ത് നിന്ന് മരുഭൂമിയിലേക്ക് 170 കിലോമീറ്റർ (105 മൈൽ) വ്യാപിച്ചുകിടക്കുന്ന കണ്ണാടികൾ കൊണ്ടു നിർമിച്ച കെട്ടിടങ്ങളുള്ള നഗരമാണത്. 2022-ൽ ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രവചിച്ചത് 2030-ഓടെ ഒരു ദശലക്ഷത്തിലധികം ആളുകൾ അവിടെ താമസിക്കുമെന്നും 2045-ഓടെ അത് ഒമ്പത് ദശലക്ഷത്തിലെത്തുമെന്നാണ്. എന്നാൽ ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് 2030-ഓടെ 2.4 കിലോമീറ്റർ പദ്ധതി മാത്രം പൂർത്തിയായി 300,000 ആളുകൾ മാത്രമേ അവിടെ താമസിക്കൂ എന്നാണ്.
സൗദി അറേബ്യയുടെ വിഷൻ 2030 പ്ലാനിലെ മറ്റ് സുപ്രധാന പദ്ധതികൾക്കൊപ്പം NEOM ൻ്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. പ്രിൻസ് മൊഹമ്മദിൻ്റെ നേതൃത്വത്തിൽ, രാജ്യം എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുമുണ്ടാകും, അതിനാവശ്യമായ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനും ടൂറിസം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഒരുക്കങ്ങൾ നടക്കുന്നു.
കഴിഞ്ഞ ഡിസംബറിൽ, ധനമന്ത്രി മുഹമ്മദ് അൽ-ജദാൻ, വിഷൻ 2030-ലെ ചില പ്രധാന പദ്ധതികൾ വൈകുമെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും ഏതൊക്കെയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.