യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗമായി ഖത്തറിനെ തിരഞ്ഞെടുത്തു
ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 167 രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ 2025-2027 ലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായി.
സ്വദേശത്തും വിദേശത്തും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തറിൻ്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്ന് യുണൈറ്റഡ് നേഷൻസിലെ ഖത്തർ പ്രതിനിധി അല്യ അഹമ്മദ് ബിൻ സൈഫ് അൽ താനി പ്രസ്‌താവനയിൽ പറഞ്ഞു.
നീതി, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിൻ്റെ നിരന്തരമായ ശ്രമങ്ങളെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതായും മനുഷ്യാവകാശ കൗൺസിലിൽ ഖത്തറിന്മേലുള്ള വിശ്വാസം തെളിയിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും എല്ലാ അംഗരാജ്യങ്ങളുമായും സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനു ഖത്തർ പ്രതിജ്ഞാബദ്ധമാണ്.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിലും മാനുഷിക അന്തസ്സ് ഉയർത്തുന്നതിലും ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.
തൻ്റെ പ്രസ്താവനയുടെ അവസാനം, ഖത്തറിനെ പിന്തുണച്ച രാജ്യങ്ങൾക്ക് അവർ നന്ദി പറയുകയും ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഖത്തർ ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തു.