വിന്റർ ക്യാമ്പിങ് സീസണിന്റെ രജിസ്‌ട്രേഷൻ ഒക്ടോബർ 15 മുതൽ ആരംഭിക്കും
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) 2024-25 സീസണിലെ വിന്റർ ക്യാമ്പിങിനായുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നു. 2024 ഒക്ടോബർ 15 മുതൽ നവംബർ 5 വരെ നിങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ‘Bee’ah’ ആപ്പ് വഴിയോ ഇതിനായി സൈൻ അപ്പ് ചെയ്യാം.
വിൻ്റർ ക്യാമ്പിംഗ് സീസൺ 2024 ഒക്ടോബർ 15 മുതൽ 2025 ഏപ്രിൽ 30 വരെ ആറര മാസം നീണ്ടുനിൽക്കും. ക്യാമ്പിംഗ് ഫീസ് QR10,000 ൽ നിന്ന് QR3,000 ആയി കുറച്ചിട്ടുണ്ട്, വികലാംഗരെയും വിരമിച്ചവരെയും ഈ ഫീസിൽ നിന്നും ഒഴിവാക്കും.
ആദ്യമായി ക്യാമ്പ് ചെയ്യുന്നവർക്ക് ബുക്ക് ചെയ്‌തു ക്യാമ്പ് ലൊക്കേഷൻ വിശദാംശങ്ങൾ ലഭിച്ചതിന് ശേഷം ഉടനെ തന്നെ ക്യാമ്പുകൾ സജ്ജീകരിക്കാമെന്ന് എംഇസിസിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് അൽ ദാഹി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൊക്കേഷൻ സ്ഥിരീകരിക്കുന്നതിനു ക്യാമ്പ് മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ എഴുപത്തിരണ്ടു മണിക്കൂറിനുള്ളിൽ ക്യാമ്പംഗങ്ങളെ ബന്ധപ്പെടും.
എല്ലാവരിൽ നിന്നും QR10,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമാണ്, അത് ക്യാമ്പിംഗ് സീസണിന് ശേഷം സൈറ്റ് വൃത്തിയാക്കിയതിനു ശേഷം തിരികെ നൽകും.
ഒക്‌ടോബർ 15 മുതൽ 17 വരെ മധ്യമേഖല, 18 മുതൽ 20 വരെ തെക്കൻ മേഖല, ഒക്ടോബർ 21 മുതൽ 24 വരെ വടക്കൻ മേഖല എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് രജിസ്‌ട്രേഷൻ നടക്കുകയെന്ന് എംഇസിസിയുടെ വന്യജീവി സംരക്ഷണ ഡയറക്ടർ ഹമദ് സലേം അൽ നുഐമി വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ, ആളുകൾക്ക് ഈ മേഖലകളിലുള്ള ശേഷിക്കുന്ന സ്ഥലങ്ങൾ ബുക്ക് ചെയ്യാം. മാനസിക വൈകല്യമുള്ളവർക്കും അവരുടെ പ്രതിനിധികൾക്കും രജിസ്റ്റർ ചെയ്യുന്നതിനായി ഒക്ടോബർ 8, 9, 10 തീയതികളിൽ പ്രത്യേക തീയതികൾ നീക്കിവച്ചിരിക്കുന്നു.
മുനിസിപ്പൽ ബീച്ചുകൾക്ക് പുറമെ പബ്ലിക് ബീച്ചുകളും കുടുംബങ്ങൾക്ക് ഉപയോഗിക്കാം, ബീച്ചിൽ നിന്നും നൂറു മീറ്റർ അകലെ താമസിക്കണമെന്ന നിബന്ധനയും ഇത്തവണയില്ല.. 25 വയസിനു താഴെയുള്ള ആളുകൾക്കും ക്യാമ്പിംഗ് പെർമിറ്റ് ലഭിക്കും, നിങ്ങളുടെ പെർമിറ്റ് ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിന് 1,000 റിയാലാണ് ചിലവ്.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഓഫീസായ തവാർ മാളിന്റെ എതിർവശത്തുള്ള ഗ്രീൻ ഖത്തറിനെ, ഓൺലൈൻ രജിസ്ട്രേഷനുമായി സഹായം ആവശ്യമുള്ള പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സമീപിക്കാം.
അപകടങ്ങൾ തടയുന്നതിന് ഇലക്ട്രിക്കൽ സജ്ജീകരണങ്ങൾക്കായി വിദഗ്ധരുടെ സഹായം തേടണമെന്ന് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെൻ്റിലെ ക്യാപ്റ്റൻ അബ്ദുൾ ഹാദി അലി അൽ മർരി ക്യാമ്പംഗങ്ങളോട് അഭ്യർത്ഥിച്ചു. ടെൻ്റുകൾ 5 മുതൽ 6 മീറ്റർ വരെ അകലത്തിൽ സൂക്ഷിക്കാനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
അപകടങ്ങൾ കുറക്കാനും ക്യാമ്പ് ചെയ്യുന്നവരെ സുരക്ഷിതരാക്കാനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനൻ്റ് അബ്ദുൾ മൊഹ്‌സെൻ അൽ അസ്മർ അൽ റുവൈലി വ്യക്തമാക്കി.