ഖത്തറിൽ റോഡപകടങ്ങളിലെ മരണനിരക്കിൽ 57 ശതമാനം കുറവ്
2024 ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ, ഗുരുതരമായ റോഡപകടങ്ങളിലെ മരണനിരക്ക് 57% കുറഞ്ഞു. ദേശീയ ആസൂത്രണ കൗൺസിലിൻ്റെ (എൻപിസി) കണക്കനുസരിച്ച് ജൂലൈയിൽ റോഡപകടങ്ങളിൽ 6 മരണങ്ങളുണ്ടായി, ജൂലൈ മാസത്തിൽ 14 മരണങ്ങളാണുണ്ടായത്.
ഈ വർഷം ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. ജൂണിലെ 647 അപകടങ്ങളെ അപേക്ഷിച്ച് 602 അപകടങ്ങളാണ് ജൂലൈയിൽ ഉണ്ടായത്, ഇത് ഏഴു ശതമാനം കുറവാണ്. ജൂലൈയിലെ മിക്ക അപകടങ്ങളും ചെറുതായിരുന്നു, 23 വലിയ അപകടങ്ങൾ മാത്രമാണ് നടന്നത്.
2024ലെ ആദ്യത്തെ ഏഴു മാസങ്ങളിൽ 89 റോഡപകട മരണങ്ങളും 261 പ്രധാന അപകടങ്ങളും അടക്കം 5,164 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ജനുവരി മുതൽ റോഡ് സുരക്ഷ മെച്ചപ്പെട്ടിട്ടുണ്ട്, ആ മാസം 843 അപകടങ്ങൾ ഉണ്ടായതിൽ 41 എണ്ണം വലുതായിരുന്നു, 17 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രമങ്ങളാണ് ഈ പുരോഗതിക്ക് കാരണം. മികച്ച റോഡ് ഇൻഫ്രാസ്ട്രക്ച്ചറും മെച്ചപ്പെട്ട ട്രാഫിക് നിരീക്ഷണ സംവിധാനവും ഇതിനു സഹായിച്ചിട്ടുണ്ട്.
ഡ്രൈവർമാരും മുൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കാൻ ട്രാഫിക് പോലീസ് ഇപ്പോൾ ക്യാമറകൾ ഉപയോഗിക്കുന്നു. 2007ലെ ട്രാഫിക് നിയമ നമ്പർ (19) പ്രകാരം, വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവറും മുൻ സീറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കണം.
2024 സെപ്‌തംബർ 1 മുതൽ, ട്രാഫിക് പിഴ അടക്കാത്ത ആരെയും പിഴ തീർപ്പാക്കുന്നതുവരെ രാജ്യം വിടാൻ അനുവദിക്കിലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.