ഖത്തറിന്റെ ടൂറിസ്റ്റ് ലോകം ഒറ്റക്ലിക്കിൽ. ‘വിസിറ്റ് ഖത്തർ’ ആപ്പിന്റെ പ്രത്യേകതകൾ
ദോഹ: ഖത്തറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സഹായകമാകാനും ഖത്തറിന്റെ ടൂറിസ്റ്റ് വിഹായസ്സിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഉതകുന്ന വിധത്തിൽ ഖത്തർ ടൂറിസം അതോറിറ്റി പുറത്തിറക്കിയ മൊബൈൽ ആപ്പ് നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. 2021 ഏപ്രിലോടെ പ്ളേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഡൗണ്ലോഡിനെത്തിയ ‘വിസിറ്റ് ഖത്തർ’ എന്ന പേരിലുള്ള ആപ്പിൽ ഖത്തറിലെ വിവിധങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഖത്തറിന്റെ കാഴ്ച്ചാഭൂമികകളുടെ 360° ദൃശ്യങ്ങൾ ആപ്പിൽ ലഭ്യമാകും. സാധാരണ വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി സ്ക്രീനിലെ പല കോണുകളിലേക്കും ചുറ്റുപാടുകളിലേക്ക് ത്രിമാനം പോലെ ചലിപ്പിക്കാനും നിരീക്ഷിക്കാനും കഴിയുന്നവയാണ് 360° വ്യൂ.
നിങ്ങളുടെ അഭിരുചിക്കും വ്യക്തിത്വത്തിനും അനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഒപ്പം പ്രിയപ്പെട്ട സ്ഥലങ്ങൾ ലിസ്റ്റ് ചെയ്യുകയുമാവാം. Take me there ഫങ്ഷനിലൂടെ എളുപ്പത്തിൽ പ്രസ്തുത സ്ഥലത്തെക്കുള്ള യാത്രമാർഗ്ഗവും കണ്ടെത്താം. Near me ഫങ്ഷനിലൂടെ ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളെക്കുറിച്ചും എളുപ്പം വിവരങ്ങൾ തിരഞ്ഞെടുക്കാം. ഏറ്റവും പുതിയതും കൃത്യവുമായ മുഴുവൻ വിവരങ്ങളുടെയും ശേഖരമായേക്കാവുന്ന ആപ്പ് ഖത്തർ ടൂറിസത്തിന്റെ ജനപ്രിയതയിലേക്കുള്ള മറ്റൊരു ചുവടുവെപ്പ് കൂടിയാണ്.