വാക്സീനെടുത്ത ഇന്ത്യക്കാർക്ക് ഖത്തറിലെ ക്വാറന്റീൻ ഒഴിവാക്കാൻ നടപടി ആവശ്യപ്പെടുമെന്ന് ഇന്ത്യൻ അംബാസിഡർ
ദോഹ: ഇന്ത്യയിൽ നിന്ന് അംഗീകൃത വാക്സീൻ സ്വീകരിച്ച പ്രവാസികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കാനുള്ള നടപടികൾ ആവശ്യപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ. ഒപ്പം ഖത്തറിൽ നിന്ന് വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിൽ എത്തിയാൽ ആർട്ടിപിസിആർ ടെസ്റ്റും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെയും അഫിലിയേറ്റ് സംഘടനകളുടെയും ഓണ്ലൈൻ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിത്തൽ.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് സാധ്യമായ എല്ലാ ക്ഷേമവും ഉറപ്പുവരുത്തുമെന്നു ആവർത്തിച്ച അംബാസിഡർ കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിച്ച ഖത്തർ ഭരണകൂടത്തിന്റെയും ഖത്തറിലെ ഇന്ത്യൻ കമ്യുണിറ്റി സംഘടനകളുടെയും പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പറഞ്ഞു. ഖത്തറിലെ പ്രവാസി സംഘടനയായ ഐ.സി.ബി.എഫിന്റെ ഹീൽ ഇന്ത്യ കാമ്പയിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
മിക്ക രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാർക്കും നിലവിൽ ഖത്തറിൽ ക്വാറന്റൈൻ ഒഴിവാക്കി നൽകിയിട്ടുണ്ട്. അതേ സമയം ഇന്ത്യ അടക്കമുള്ള ഏതാനും തീവ്ര കോവിഡ് ബാധിത രാജ്യങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല. കോവിഡ് മഹാമാരിയിൽ തിരിച്ചുവരവ് തന്നെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് ചെലവിന്റെ അമിതഭാരം കൂടി നൽകുന്നതാണ് ക്വാറന്റൈൻ. പ്രവാസികൾക്കുള്ള രണ്ട് ഡോസ് വാക്‌സിനും വേഗത്തിൽ ആക്കാൻ ഇന്ത്യ ഗവണ്മെന്റ് നടപടി സ്വീകരിച്ചതോടെ വാക്സീൻ എടുത്തവർക്ക് ക്വാറന്റൈൻ ഒഴിവാക്കാൻ ഉള്ള മിത്തലിന്റെ പ്രസ്താവന പ്രവാസിസമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്.