ഖത്തർ യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നഷ്ടമായത് രണ്ട് ലക്ഷത്തിലേറെ രൂപ
ഖത്തർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ജോലി നൽകാമെന്ന് പറഞ്ഞ് മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിന്നുള്ള 32 കാരനെ രണ്ട് അജ്ഞാതർ കബളിപ്പിച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പോലീസ് ശനിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച താനെയിലെ അംബർനാഥ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അംബർനാഥിലെ ഗൗതം നഗർ പ്രദേശത്തെ താമസക്കാരനണ് ഇര. റിക്രൂട്ടർമാരെന്ന് നടിക്കുന്ന രണ്ട് അജ്ഞാതർ ഫോണിലൂടെയും ഇമെയിലുകളിലൂടെയും തന്നെ ബന്ധപ്പെടുകയും ഖത്തർ സർവകലാശാലയിൽ പ്രൊഫസർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി അദ്ദേഹം പരാതിയിൽ പറഞ്ഞു.
രജിസ്ട്രേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വിസ പ്രോസസ്സിംഗ്, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് പണം നൽകാനാണ് പ്രതികൾ ആവശ്യപ്പെട്ടത്. അവരെ വിശ്വസിച്ച് 2023 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ ഇര 2,28,600 രൂപ തട്ടിപ്പുകാർക്ക് കൈമാറുകയായിരുന്നു.
എന്നാൽ എപ്പോഴാണ് നിയമനം ലഭിക്കുകയെന്ന് ആരാഞ്ഞപ്പോൾ ഒഴിഞ്ഞുമാറുന്ന മറുപടിയാണ് അവർ നൽകിയത്. ഒടുവിൽ പരാതി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഖത്തറിലെ സ്ഥാപനങ്ങളുടെ പേരിൽ ജോലി തട്ടിപ്പ് ഇതാദ്യമല്ല. പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഓഫർ ലെറ്ററുകളും വെബ്സൈറ്റുകളും നിർമിച്ച് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളിൽ മലയാളികൾ ഉൾപ്പെടെ നിരവധി തവണ ഇരയാക്കപെട്ടിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണത്തിൽ തന്നെ വ്യാജമാണെന്ന് തിരിച്ചറിയാവുന്ന കേസുകൾ ആയിരുന്നു ഇവയിൽ പലതും. ഔദ്യോഗിക/വിശ്വസനീയ സ്രോതസ്സുകളിൽ നിന്ന് മാത്രം ജോലി ഓഫറുകൾ പരിഗണിക്കുക എന്ന ലളിതമായ യുക്തിയിൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD