ഖത്തറിനെതിരായ ഇസ്രായേൽ പ്രസ്താവന: എതിർപ്പുമായി അറബ് പാർലമെന്റ്
ഖത്തറിനെ ലക്ഷ്യമിട്ട് ചില ഇസ്രായേൽ ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകളെ കുവൈത്ത് ആസ്ഥാനമായുള്ള അറബ് പാർലമെന്റ് സെക്രട്ടറി ജനറൽ അസോസിയേഷൻ എതിർക്കുകയും അപലപനം രേഖപ്പെടുത്തുകയും ചെയ്തു.
ഈ പ്രസ്താവനകൾ സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതും അനിഷ്ട സംഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നു ഖത്തർ സ്റ്റേറ്റ് ചെയർമാനായ അസോസിയേഷൻ ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.
ആയിരക്കണക്കിന് സിവിലിയന്മാരുടെ മരണത്തിലേക്ക് നയിച്ച ഗാസ മുനമ്പിലെ ആക്രമണത്തെ അഭിമുഖീകരിച്ച് ഖത്തറും അതിന്റെ പങ്കാളികളും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അസോസിയേഷൻ അതിന്റെ പ്രസ്താവനയിൽ പ്രശംസിച്ചു.
ഖത്തറിന്റെ ശ്രമങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നും വ്യാപകവും നിരന്തരവുമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ഗവൺമെന്റ് അതിന്റെ ആക്രമണാത്മക നടപടികൾ അവസാനിപ്പിക്കണമെന്നും പങ്കാളികളുമായി സഹകരിച്ച് ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ തടസ്സപ്പെടുത്തരുതെന്നും കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എല്ലാത്തരം സിവിലിയൻമാരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ആക്രമണം, ഗാസ മുനമ്പിൽ ഇസ്രായേൽ ഏർപ്പെടുത്തിയ സമഗ്രമായ ഉപരോധം എന്നിവ ശക്തമായി നിരസിക്കുന്നതായും അസോസിയേഷൻ ഓഫ് അറബ് പാർലമെന്റിന്റെ സെക്രട്ടറി ജനറൽ ആവർത്തിച്ചു.
ഈ ഉപരോധം പകുതിയും കുട്ടികൾ ഉൾപ്പെട്ട 2.3 ദശലക്ഷത്തിലധികം ആളുകൾക്ക്, വെള്ളം, ഭക്ഷണം, മരുന്ന്, വൈദ്യുതി എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതാണ്.
സമാധാന ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തോടും ബന്ധപ്പെട്ട കക്ഷികളോടും ഉടനടി ഇടപെടാനും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും അസോസിയേഷൻ ആവശ്യപ്പെട്ടു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv