പഴയ കറൻസി നോട്ടുകൾ മാറിയെടുക്കാനുള്ള അവസരം ജൂലൈ 1 വരെ മാത്രം. ശേഷം നോട്ടുകൾ നിയമവിരുദ്ധം.
ദോഹ: പഴയ ഖത്തറി കറൻസി നോട്ടുകൾ മാറിയെടുക്കാനുള്ള കാലാവധി ജൂലൈ 1 ന് അവസാനിക്കും. ഖത്തർ സെൻട്രൽ ബാങ്കി (QCB) ന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ഇക്കാര്യം ഖത്തർ നാഷണൽ ബാങ്ക് അവരുടെ ട്വിറ്റർ പേജിൽ അറിയിച്ചു. ബാങ്കുകൾക്ക് പുറമെ, പഴയ നോട്ടുകൾ എടിഎമ്മുകളിലും ഐ.ടി.എമ്മുകളിലും ബൾക്ക് ഡെപ്പോസിറ്റിങ്ങ് മെഷീനുകളിലും നിക്ഷേപിക്കാവുന്നതാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖത്തർ റിയാൽ നാലാമത് സീരീസ് നോട്ടുകൾ മാറിയെടുക്കാൻ ഉള്ള സാവകാശം ജൂലൈ 1 വരെ നീട്ടിയതായി QCB പ്രഖ്യാപിച്ചത്. ഈ തിയ്യതിക്ക് ശേഷം ഈ നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധവും നഷ്ടപരിഹാരം ലഭിക്കാത്ത വിധം മൂല്യരഹിതവുമായി തീരുമെന്നും ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ജൂലൈ 1 നുള്ളിൽ മാറ്റി വാങ്ങാൻ കഴിയാത്തവർക്ക് ചില നടപടിക്രമങ്ങൾക്ക് വിധേയമായി ഖത്തർ സെൻട്രൽ ബാങ്കിൽ നേരിട്ടെത്തി പഴയ നോട്ടുകൾ മാറ്റാം. 10 വർഷത്തേക്ക് ഇതിനുള്ള അവസരമുണ്ട്.
അതേ സമയം നോട്ടുകൾ മാറിയെടുക്കുന്നത് ബാങ്കുകൾ എളുപ്പമാക്കി. പുതിയ നോട്ടുകൾ വിതരണം ചെയ്യുന്ന എടിഎമ്മുകളിൽ ഉപയോക്താക്കൾക്ക് പഴയ നോട്ടുകൾ നിക്ഷേപിക്കാൻ അവസരമുണ്ട്. മികച്ച സുരക്ഷ സവിശേഷതകളും നവീനമായ ഡിസൈനുമുള്ള പുതിയ നോട്ടുകൾക്കായി ബാങ്കുകൾ അവരുടെ എടിഎമ്മുകളും ഡെപ്പോസിറ്റ് മെഷീനുകളും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
2020 ഡിസംബർ 13 നാണ് അതേ മാസം 18 മുതൽ ‘ഖത്തർ റിയാൽ നോട്ടുകളുടെ അഞ്ചാമത്തെ സീരീസ്’ അവതരിപ്പിക്കുമെന്ന് ക്യുസിബി പ്രഖ്യാപിച്ചത്.
പുതിയ നോട്ടുകളുടെ രൂപകൽപ്പന ഖത്തറി പാരമ്പര്യം, ആത്മീയ ചരിത്രം, സംസ്കാരം, സസ്യജന്തുജാലങ്ങൾ, വിദ്യാഭ്യാസം, കായികം, സാമ്പത്തികവികസനം തുടങ്ങിയവ ആലേഖനം ചെയ്യപ്പെട്ട രീതിയിലാണ്. നേരത്തെയുള്ള QR100 നും QR500 നോട്ടുകൾക്കും ഇടയിൽ QR200 ന്റെ പുതിയ നോട്ടുകൾ കൂടി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പഴയ ഖത്തറി കറൻസി നോട്ടുകൾ തങ്ങളുടെ ബ്രാഞ്ചുകളിലും ക്യാഷ് ഡെപ്പോസിറ്റ് എടിഎമ്മുകളിലും 2021 ജൂലൈ 1 വരെ സ്വീകരിക്കുമെന്ന് ദോഹ ബാങ്കും കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തു
احرص على استبدال العملة القطرية القديمة قبل 1 يوليو 2021
— QNBGroup (@QNBGroup) June 7, 2021
Be sure to exchange your old banknotes before July 1st 2021#QNB #QNBGroup pic.twitter.com/rOZr6kqUaE