1-PREMIER-EXPRESS-GIF-3
LegalQatar

“ബലാഗുല്‍ഹുറൂബു” അത്ര കീറാമുട്ടിയോ!?

കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് നാം ഖത്തറില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എമ്പ്ലോയിയും എമ്പ്ലോയറും തമ്മിലുള്ള തൊഴിൽ കരാർ (Employment Contract) പാലിക്കപ്പെടേണ്ടതുണ്ട്. പേഴ്സണൽ (ശക്‌സി) വിസയിലോ കമ്പനി വിസയിലോ വന്നു ഖത്തർ ഐഡി കൈപറ്റിയാൽ പ്രസ്തുത സ്പോൺസർഷിപ്പിൽ ജോലി ചെയ്തിരിക്കണം. അതിനു വിഭിന്നമായി ജോലിയിൽ നിന്നും മാറി നിക്കുകയോ, അനുമതി പത്രം (താത്കാലിക തൊഴിൽ ലൈസെൻസ് – ഇഹാറ) ഇല്ലാതെ മറ്റൊരു സ്പോൺസർ കീഴിൽ ജോലി ചെയ്യുന്നതോ നിയമ വിരുദ്ധമാണ്.

ഇത്തരുണത്തിലാണ് “ബാലാഹുൽ ഹുറൂബ്” കേസുകൾ ഉണ്ടാവുന്നത്.
അതിന്റെ ഗണത്തിൽ പെടുന്ന മൂന്ന് വിധം കേസുകളാണ് ഉള്ളത്.

a) കരാർ ലംഘിച്ചു ഒരു മുന്നറിയിപ്പും നൽകാതെ കമ്പനി/സ്പോൺസർ വിട്ടു പോവുന്നർക്കു എതിരെ സ്പോൺസർ നൽകുന്ന കേസ്!! (ഇവിടെ തൊഴിലാളിയാണ് കുറ്റക്കാരനായി പരിഗണിക്കുന്നത്)

b) രേഖകൾ ഇല്ലാതെ മറ്റൊരു കമ്പനിയിൽ/സ്പോണ്സറിനു കീഴിൽ ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാൽ… (ഇവിടെ അദ്ദേഹത്തിന്റെ നിലവിലെ കമ്പനിയുടെ കേസിൽ, ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയും തൊഴിലാളിയും കുറ്റക്കാരായി പരിഗണിക്കപ്പെടും)

c) അനധികൃത താമസക്കാരായി പരിഗണിക്കുന്നവർ: തൊഴിൽ കരാർ ലംഘിച്ച് ജോലി വിട്ടു പോയവർ, ബതാഖ(ഖത്തർ ഐഡി) ക്യാൻസൽ ചെയ്യപ്പെട്ടവർ, പറയപ്പെട്ട ജോലിയുടെ ആവശ്യകത കഴിഞ്ഞവർ, ID കാലാവധി കഴിഞ്ഞവർ എന്നിവർ. ഇവർ ആ ദിവസം തൊട്ടു 90 ദിവസത്തിനുള്ളിൽ ഖത്തറിൽ നിന്നും എക്സിറ്റ് ആയിരിക്കണം എന്ന് (Law No. (21) of 2015 regulating the entry, exit and residence of expatriates) നിയമം അനുശ്വസിക്കുന്നുണ്ട്.

ഈ കാറ്റഗറിയിൽ ഉള്ളവരൊക്കെയും ബലാഗൽ ഹുറൂബ് സമാന കേസുകൾ നേരിടേണ്ടവരാണ്. പ്രവേശനത്തിന്റെയോ താമസസ്ഥലത്തിന്റെയോ ഉദ്ദേശ്യം ലംഘിക്കുക എന്ന വകുപ്പിലാണ് ഇവരുടെ കേസും തുടർന്നുള്ള ശിക്ഷാ നടപടികളും വരുന്നത്.

ബലാഗൽഹുറൂബ്‌ കീറാമുട്ടികേസ് തന്നെയാണെങ്കിലും അതിന്റെ വശങ്ങൾ കൃത്യമായി പഠിച്ചാൽ അവയിൽ പലതും എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. വ്യക്തമായ ഗൈഡൻസ് കിട്ടാതെ പലരും പലതും ചെയ്തു അവസാനം നാടുകടത്തലിനു കീഴടങ്ങുന്നതാണു പൊതുവെ കണ്ടുവരുന്നത്.

ചെയ്യേണ്ടത്: നിയമ ഉപദേശം തേടുകയാണ് ആദ്യം വേണ്ടത്. പ്രൈമറി ഘട്ടം (കേസ് കൊടുത്തു എന്ന് മെസ്സേജ് കിട്ടിയ ആദ്യം മൂന്ന് ദിവസം), പബ്ലിക് പ്രോസിക്യൂഷൻ – സി ഐഡി അന്വേഷണ ഘട്ടം, കേസ് കോടതിയിലേക്ക് ട്രാൻസ്ഫെർ ചെയ്തു കഴിഞ്ഞ ഘട്ടം.
ആദ്യ ഘട്ടത്തിൽതന്നെ സി ഐ ഡി യിൽ ഹാജറായി (മെസേജ് ലഭിച്ചു മൂന്ന് ദിവസത്തിനകം) ( تظلــم من بـلاغ مخالفة غرض الإقامة) താമസിക്കുന്നതിന്റെ ഉദ്ദേശ്യം ലംഘിച്ചുവെന്ന റിപ്പോർട്ടിനെതിരെയുള്ള എതിർ പരാതി, ആവിശ്യമായ അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കാവുന്നതാണ്. ന്യായമായ കാരണങ്ങൾ ബോധ്യപ്പെട്ടാൽ കേസ് തള്ളപ്പെടും.

എന്നാൽ അന്വേഷണം നേരിടുന്ന സമയത്താണ് കേസിൽ എതിർ വശം സമർപ്പിക്കപ്പെടുന്നതെങ്കിൽ അവ കൂടി കൃത്യമായി രേഖപ്പെടുത്തിയാവും കോടതിയിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്യുന്നത്. അത് കോടതിയിൽ സഹായകമാവും.

കോടതിയിൽ കേസ് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ; ആദ്യമായി പ്രതിയുടെ ഭാഗം കേൾക്കാൻ കോടതി ഒരു തീയതി നിശ്ചയിച്ചു നാഷണൽ അഡ്രെസ്സ് വഴി അറിയിക്കും; ആ തീയതിയിൽ തന്നെ പ്രതിക്ക് ഹാജരായി കുറ്റം നിഷേധിച്ചു വ്യക്തമായ ഡിഫൻസ് മെമ്മോറാണ്ടം സമർപ്പിക്കാൻ കഴിഞ്ഞാലും കേസിൽ അനുകൂല വിധി ഉണ്ടാക്കാം.

പലരും കേസിൽ വിധി (അധികവും നാടുകടത്താനാണ് വിധി ഉണ്ടാവാറു) വന്നു കഴിഞ്ഞതിനു ശേഷമാണ് കാര്യങ്ങൾ അന്വേഷിക്കാറ്. എങ്കിലും അവർക്കു അപ്പീൽ അവസരം കോടതി നിഷേധിക്കുന്നില്ല; പക്ഷെ വിധി വന്നതിനു ഏഴു ദിവസത്തിനുള്ളിൽ അപ്പീൽ ചെയ്തിരിക്കണം. പ്രതിയുടെ അസാന്നിധ്യത്തിൽ ഉള്ള വിധിക്കു അപ്പീൽ “മുആരിള” എന്നും അസാനിധ്യത്തിൽ ഉള്ള വിധിക്കു ശേഷം എങ്കിൽ “ഇസ്തിഇനാഫ്” എന്ന ശീർഷകത്തിലുമാണ് അപ്പീൽ സമർപ്പിക്കപ്പെടേണ്ടത്. പലരും ഇതിന്റെ കൃത്യമായ വശങ്ങൾ അറിയാതെ സമർപ്പിച്ചു കഴിഞ്ഞു അപ്പീൽ തള്ളിപ്പോവാറുണ്ട്.

അടുത്ത കുറിപ്പിൽ കൂടുതൽ
എഴുതിയത് – സലീം നാലപ്പാട് (ലോ-കോൺസൾറ്റൻറ്)
Contact No: +974-55230070

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button