ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ലെറ്റുകളിൽ മാംഗോ ഫെസ്റ്റിന് തുടക്കമായി. ‘മാംഗോ മാനിയ 2021’ എന്നു പേരിട്ട പ്രത്യേക വിപണനോത്സവം ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അൽ ഖറാഫയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നലെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ആരംഭിച്ച ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ അമ്പതോളം വ്യത്യസ്തയിനം മാമ്പഴങ്ങളാണ് വിൽപ്പനക്കായി എത്തിയിരിക്കുന്നത്. ആഗോളവ്യാപകമായി ലഭ്യമായ പല തരം പ്രാദേശിക വെറൈറ്റികളും അപൂർവ ഇനം രുചികളുമെല്ലാം ഇതിൽ പെടും. ഇന്ത്യയിൽ നിന്നു മാത്രം മുപ്പത് വ്യത്യസ്തയിനം മാമ്പഴങ്ങൾ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നു ഉദ്‌ഘാടനപ്രസംഗത്തിൽ ദീപക് മിത്തൽ പരാമർശിച്ചു.
ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, കൊളംബിയ, ബ്രസീൽ, സുഡാൻ, യെമൻ, തായ്‌ലൻഡ്, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 46ലധികം വെറൈറ്റികൾ മേളയിൽ പ്രദർശനത്തിനുണ്ട്.
മാമ്പഴ പായസം, മാംഗോ റൈത, മാംഗോ കേസരി, ഫിഷ് മാംഗോ കറി, ചെമ്മീൻ മാംഗോ കറി, മാംഗോ ചിയ പുഡ്ഡിംഗ്, മാംഗോ ഫ്ലാക്സ് സീഡ് വേഗൻ സ്മൂതീ, അവൊക്കാഡോ മാംഗോ ജ്യൂസ്, മാംഗോ ലസ്സി, മെക്സിക്കൻ റോ മാംഗോ സലാഡ് തുടങ്ങി അത്ര തന്നെ മാമ്പഴ വിഭവങ്ങളും മേളയിലെ ‘ഹോട്ട് ഫുഡ് സെക്ഷനി’ൽ ലഭിക്കും. മാമ്പഴ കേക്ക് മുതൽ മാംഗോ സ്വിസ് റോൾ വരെ നീളുന്ന പലതരം ബേക്കറി വിഭവങ്ങളും ജാമുകളും അച്ചാറുകളും അടങ്ങുന്ന പാക്കഡ് മാമ്പഴ ഉത്പന്നങ്ങളും മേളയിൽ പ്രത്യേകമായി വിൽപ്പനക്കൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ഗൾഫ് മേഖലയിൽ ലുലു ആരംഭിച്ച പ്രത്യേക മാമ്പഴ വിപണനമേള 2003 മുതലാണ് ഖത്തറിൽ തുടങ്ങുന്നത്.