ന്യൂഡൽഹി: 2022 ഓഗസ്റ്റ് മുതൽ ഖത്തറിൽ തടങ്കലിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് എട്ടാം തവണയും ജാമ്യം നിഷേധിച്ചതായി റിപ്പോർട്ടുകൾ. ഖത്തറിലെ സ്വകാര്യ കമ്പനിയായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്ന മുൻ നാവിക സേനാംഗങ്ങൾക്കാണ് വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടത്.
ഖത്തർ നേവിയെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു ഇവർ. എന്നാൽ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ (എസ്എസ്ബി) യാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്രായേലുമായുള്ള ചാരവൃത്തിയാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന.
2023 മാർച്ച് 15-ന്, എട്ടാം തവണയും ഇവരുടെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതായും കൂടാതെ തടങ്കൽ 30 ദിവസത്തേക്ക് കൂടി നീട്ടിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. “കുടുംബങ്ങൾക്ക് ഞായറാഴ്ച (മാർച്ച് 19) ഇതിനെതിരെ അപ്പീൽ ചെയ്യാമെന്ന്” കസ്റ്റഡിയിലെടുത്ത മുൻ നാവികസേനാ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരൻ മീതു ഭാർഗവ പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ ഇന്ത്യൻ സർക്കാരിനോടും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയത്തിന് ഉയർന്ന മുൻഗണന നൽകുന്നതായും തടങ്കലിൽ വച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാരെ നേരത്തെ തിരിച്ചെത്തിക്കാനും സ്വദേശത്തേക്ക് കൊണ്ടുപോകാനും ഈ വിഷയം പരിഹരിക്കുന്നതിന് എംബസിയുടെ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി തന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും ഒന്നിലധികം തവണ വീഡിയോ കോൺഫറൻസുകൾ നടത്താൻ പ്രതികളെ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ