ഖത്തർ നാഷണൽ ഡേ: പ്രായപൂർത്തിയാകാത്ത 90 പേരുൾപ്പെടെ 155 ആളുകൾ നിയമലംഘനങ്ങൾക്ക് അറസ്റ്റിൽ
ഖത്തർ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനങ്ങൾ നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65 പേരെയും 90 പ്രായപൂർത്തിയാകാത്തവരെയും ആഭ്യന്തര മന്ത്രാലയം (എംഒഐ) അറസ്റ്റ് ചെയ്തു.
ഡ്രൈവർമാർ നിയമവിരുദ്ധമായി പെരുമാറിയതിന് 600 വാഹനങ്ങൾ പിടിച്ചെടുത്തതായും MOI സോഷ്യൽ മീഡിയയിൽ അറിയിച്ചു.
സുരക്ഷ, പൊതു ധാർമ്മികത എന്നിവ ഉറപ്പാക്കാനാണ് മന്ത്രാലയം ഇവരെ അറസ്റ്റ് ചെയ്തത്. സോപ്പ് സ്പ്രേ ചെയ്യുക, റബ്ബർ ബാൻഡ് ഉപയോഗിച്ച് ആളുകളെ ഇടിക്കുക, അപമര്യാദയായി പെരുമാറുക, കാറിൻ്റെ റൂഫിൽ കയറുക, വണ്ടി നീങ്ങുമ്പോൾ കാറിൻ്റെ ഡോർ തുറക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തതിനാലാണ് അറസ്റ്റ്. ഈ പ്രവൃത്തികൾ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നതും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതുമാണ്.
പ്രായപൂർത്തിയായ 65 പേരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് അയച്ചു. പ്രായപൂർത്തിയാകാത്ത 90 പേരുടെ കാര്യത്തിൽ, അവരുടെ മാതാപിതാക്കളെ വിളിച്ച് കുട്ടികൾ ഈ പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കി. എല്ലാ നിയമലംഘനങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചു.
ഡ്രൈവർമാർ വാഹനങ്ങളുടെ രൂപം മാറ്റുക, സുരക്ഷിതമായി ഡ്രൈവ് ചെയ്യാതിരിക്കുക, കാഴ്ച്ചയെ മറയ്ക്കുന്ന അലങ്കാരങ്ങൾ ചേർക്കുക എന്നിവ ചെയ്‌തതിനാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഈ ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്.
നിയമങ്ങളും പൊതു ധാർമ്മികതയും പാലിക്കാൻ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു. സമൂഹത്തിന് ഹാനികരമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.