8000-ലധികം പ്രവാസികൾ ഖത്തർ വിട്ടു; 6000 പേർ ലീഗൽ സ്റ്റാറ്റസ് ശരിയാക്കി
ദോഹ: അനധികൃത പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് 2021 ഒക്‌ടോബർ 10 ന് പ്രഖ്യാപിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന് ഇതുവരെ 28,476 അപേക്ഷകൾ ലഭിച്ചു.
ഗ്രേസ് പിരീഡിൽ 8,227 പേർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതായും 6,000 ത്തോളം ആളുകൾ അവരുടെ പേപ്പറുകൾ ക്രമീകരിച്ച് പദവി നിയമവിധേയമാക്കിയതായും മന്ത്രാലയം ഇന്നലെ സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാക്കിയുള്ള അപേക്ഷകൾ അവലോകനത്തിലാണ്.
തീർപ്പാക്കൽ തുകയിൽ 50 ശതമാനം ഇളവോടെ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കുന്നതിനായി നീട്ടിയ ഗ്രേസ് പിരീഡ് 2022 മാർച്ച് 31 ന് അവസാനിക്കും.
ഗ്രേസ് പിരീഡിന്റെ ഗുണഭോക്താക്കൾക്ക് ഖത്തറിലിരിക്കെ അവരുടെ നിയമപരമായ നില ശരിയാക്കാനും അത് സാധിക്കുന്നില്ലെങ്കിൽ രാജ്യം വിടാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
21/2015 നമ്പർ വീസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികളുടെ പദവി മാനുഷിക മാനദണ്ഡങ്ങൾക്കനുസൃതമായി നിയമവിധേയമാക്കുകയാണ് ഗ്രേസ് പിരീഡിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.