നിയമലംഘനം; ഈ മാസം പിടി വീണത് രണ്ടായിരത്തോളം വാഹനങ്ങൾക്ക്
ദോഹ: റമദാൻ മാസത്തിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇന്നലെ ട്വീറ്റ് ചെയ്തു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വീഡിയോയിൽ, വാഹനമോടിക്കുന്നവരുടെ നിയമലംഘനങ്ങൾ, ശബ്ദമുണ്ടാക്കൽ, ഡ്രിഫ്‌റ്റിംഗ്, റേസിംഗ് തുടങ്ങിയവയാണ്, റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന കേസുകളെന്നു ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് തമീം ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു.
“റസിഡൻഷ്യൽ ഏരിയകളിൽ നിരവധി പരാതികൾ ലഭിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്,” വിശുദ്ധ റമദാൻ മാസത്തിൽ അന്വേഷണ വകുപ്പിന്റെ പ്രവർത്തന പരിധിയിലാണ് ഈ കാമ്പയിൻ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി കൂടുതൽ സഹകരിക്കാൻ ലെഫ്റ്റനന്റ് തമീം ബിൻ മുഹമ്മദ് അൽതാനി റോഡ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.