സ്പോൺസറുടെ വഞ്ചന, ഖത്തർ ജുഡീഷ്യറിയുടെ ഇടപെടൽ; ഇന്ത്യൻ യുവതികൾക്ക് മോചനം
ദോഹ: വീട്ടുജോലിക്കായും മറ്റും വിദേശ രാജ്യങ്ങളിലെത്തി വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ പുതുമയല്ല. ഖത്തറിൽ വീട്ടുജോലിക്കായെത്തി സ്പോണ്സറുടെ വഞ്ചനയിൽ കുടുങ്ങിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് യുവതികൾക്ക് ഖത്തറിലെ, ആന്ധ്രാപ്രദേശ് നോൺ-റെസിഡന്റ് തെലുഗു സൊസൈറ്റി (എപിഎൻടിആർഎസ്) യുടെ സമയോചിത ഇടപെടൽ രക്ഷയായി. ആന്ദ്രയിലെ കടപ്പ ജില്ലയിൽ നിന്നുള്ള ഗംഗദേവി, ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുമുള്ള ഗംഗാഭവാനി എന്നീ യുവതികൾക്കാണ് സ്പോണ്സറിൽ നിന്ന് ഉപദ്രവകരമായ പെരുമാറ്റത്തിന് ഇരയാകേണ്ടി വന്നത്. തുടർന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട ഇരുവരേയും വ്യാജ മോഷണക്കുറ്റം ചുമത്തി ജയിലിൽ അടക്കുകയായിരുന്നു.
എപിഎൻടിആർഎസ് കോർഡിനേറ്റർ മനീഷിന്റെ ശ്രദ്ധയിൽ പെട്ട വിവരം, ഖത്തർ ജുഡീഷ്യറി സംവിധാനത്തിൽ ബോധിപ്പിച്ചു. കേസിൽ വിശദമായി അന്വേഷണം പ്രഖ്യാപിച്ച ഖത്തർ ജുഡീഷ്യറി കേസ് വ്യാജമാണെന്ന് കണ്ടതോടെ ഇരുവരെയും മോചിപ്പിക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ അനുവദിക്കുകയും ചെയ്തു. എപിഎൻടിആർഎസ് പ്രതിനിധികൾ ഇന്ത്യൻ എംബസിയോട് സംസാരിച്ച് താത്കാലിക പാസ്‌പോർട്ടും, വിമാനടിക്കറ്റുകളും ഏർപ്പെടുത്തി, ഖത്തർ തെലുഗു കലാസമിതിയുടെ സാമ്പത്തിക സഹായത്തോടെ ഇരുവരെയും ഈ മാസം 25ന് നാട്ടിലെത്തിച്ചു.