ഖത്തറിൽ 12-15 പ്രായമുള്ള കുട്ടികളുടെ ഫൈസർ-ബയോഎൻടെക് ബൂസ്റ്റർ ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ഇതോടെ 12 ന് മുകളിൽ പ്രായമുള്ള, രണ്ടാം ഡോസ് എടുത്ത് 6 മാസം പിന്നിട്ട എല്ലാവർക്കും രാജ്യത്ത് ബൂസ്റ്റർ ഡോസ് ലഭിക്കും.
12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ബൂസ്റ്റർ വാക്സിനുകൾ എല്ലാ പിഎച്സിസി കേന്ദ്രങ്ങളിലും ലഭ്യമാണ്. യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ഹോട്ട്‌ലൈനായ 4027 7077 എന്ന നമ്പറിൽ വിളിക്കാം. ഈ പ്രായക്കാർക്കുള്ള വാക്ക്-ഇൻ അപ്പോയിന്റ്മെന്റുകളും ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കും.
2021 മെയ് മാസത്തിൽ ഈ പ്രായക്കാരിൽ വാക്സിനേഷനു മന്ത്രാലയം അനുമതി നൽകിയ ശേഷം പത്തിൽ 9 കുട്ടികളും ഖത്തറിൽ രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസിൽ പാർശ്വഫലങ്ങൾ ഇല്ലെന്നും സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു.