യൂസുഫ് അൽ ഖറദാവി അന്തരിച്ചു
ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സിന്റെ (ഐയുഎംഎസ്) സ്ഥാപക പ്രസിഡന്റുമായ ശൈഖ് യൂസുഫ് അൽ ഖറദാവി (96) ഇന്ന് ദോഹയിൽ അന്തരിച്ചു.
ഖറദാവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ മരണ വാർത്ത സ്ഥിരീകരിച്ചു. “ഇസ്‌ലാമിക രാഷ്ട്രത്തിന് അതിന്റെ ഏറ്റവും ആത്മാർത്ഥതയും സദ്ഗുണവുമുള്ള ഒരു പണ്ഡിതനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്,” ഐയുഎംഎസ് ട്വിറ്ററിൽ കുറിച്ചു.
1926ൽ ഈജിപ്തിലെ ത്വൻതയ്ക്കു സമീപം സ്വഫ്ത് തുറാബിൽ ജനിച്ച അൽ ഖറദാവി, ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ, മുസ്ലിം ബ്രദർഹുഡുമായുള്ള അദ്ദേഹത്തിന്റെ അംഗത്വത്തെ തുടർന്ന് ഈജിപ്തിൽ നിരവധി തവണ അറസ്റ്റിന് വിധേയനായി.
1952-ൽ ഗമാൽ അബ്ദുൾ നാസറിന്റെ അട്ടിമറിക്ക് ശേഷം, ഈജിപ്തിൽ പൂർണ്ണ അധികാരം ഏറ്റെടുക്കാനുള്ള നേതൃത്വത്തിന്റെ ആഗ്രഹം, മുസ്ലീം ബ്രദർഹുഡ് ഉൾപ്പെടുന്ന “നാസറൈറ്റ്” എന്ന് പരിഗണിക്കപ്പെടാത്ത സ്ഥാപനങ്ങളെ അടിച്ചമർത്തുന്നതിലേക്ക് നയിച്ചു.
ഇത് അൽ ഖറദാവി ഉൾപ്പെടെയുള്ള പ്രസ്ഥാനത്തിലെ അംഗങ്ങളുടെ കൂടുതൽ അറസ്റ്റുകൾക്ക് കാരണമായി. ഇതേതുടർന്ന് 1961 മുതൽ ഖറദാവി ഖത്തറിൽ അഭയം തേടുകയായിരുന്നു.
ഖത്തറിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ദോഹയിലെ റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്‌പെക്ടറായും 1973 ൽ മതകാര്യ മേധാവിയായും സേവനമനുഷ്ഠിച്ചു.
120 ലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അൽ ഖറദാവി വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും അവസാനകാലം വരെയും വൈജ്ഞാനിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.