ലോകകപ്പ് മത്സരങ്ങൾ കാണാൻ സ്റ്റേഡിയം പോലുള്ള അന്തരീക്ഷം ഒരുക്കി ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റി. എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ ഇന്നലെ നാല് ഗെയിമുകൾ പ്രദർശിപ്പിച്ചാണ് മത്സര പ്രദർശനം ആരംഭിച്ചത്. നൂറുകണക്കിന് കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ ഒരു മിനി സ്റ്റേഡിയം പോലെയായിരുന്നു വേദി.
ഓക്‌സിജൻ പാർക്കിൽ ആരാധകർക്കായി ഒരുക്കിയ വലിയ സ്‌ക്രീനിലാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്. വേദിയിൽ കുട്ടികൾക്കായി ഗെയിമുകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചു.
“ദോഹയിലെ തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് മാറി ഇതൊരു നല്ല അന്തരീക്ഷമാണ്,” കുടുംബത്തോടൊപ്പം കളി കാണാനെത്തിയ പലസ്തീൻ നിവാസിയായ ആസിയ പറഞ്ഞു. “ഞങ്ങൾക്ക് ഈ മത്സരം കാണാൻ ശരിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ടിക്കറ്റ് ലഭിച്ചില്ല. നിരവധി ആളുകൾക്കൊപ്പം കാണാനുള്ള നല്ല അനുഭവമാണിത്,” ഖത്തർ-സെനഗൽ മത്സരം വീക്ഷിച്ചുകൊണ്ട് അവർ പറഞ്ഞു.
FIFA വേൾഡ് കപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ ഒന്നായ എജ്യുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്ക് സ്‌ക്രീനിങ്ങിൽ പങ്കെടുക്കുന്നവർക്ക് ഹയ്യ കാർഡ് ആവശ്യമില്ല.
സെമി ഫൈനലും ഫൈനലും ഉൾപ്പെടെ 22 ഗെയിമുകൾ വരും ദിവസങ്ങളിൽ ഓക്സിജൻ പാർക്കിൽ തത്സമയം പ്രദർശിപ്പിക്കും. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഗെയിമുകൾ നടക്കുന്ന ദിവസങ്ങളിലൊഴികെ എല്ലാ മത്സരദിവസങ്ങളിലും ഓക്സിജൻ പാർക്കിൽ ഗെയിമുകൾ പ്രദർശിപ്പിക്കും.
അടുത്ത മത്സരങ്ങൾ നാളെ, നവംബർ 27 ന് ജപ്പാനും കോസ്റ്റാറിക്കയും; ബെൽജിയവും മൊറോക്കോയും; ക്രൊയേഷ്യയും കാനഡയും; ഒപ്പം സ്പെയിനും ജർമ്മനിയും തമ്മിലുള്ള മൽസരങ്ങളായിരിക്കും.
മുതിർന്നവർ മത്സരങ്ങൾ കാണുമ്പോൾ കുട്ടികൾ അവർക്കിടയിൽ രൂപപ്പെട്ട ടീമുകൾക്കിടയിൽ ഫുട്ബോൾ കളിക്കുകയായിരുന്നു. ഭക്ഷണപാനീയ ഔട്ട്‌ലെറ്റുകളും ആരാധകർക്കായി ലഭ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/JNIgigKNVZcDNAqC2C4b4m