ഖത്തറിനെ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഖത്തറിനെ ഒരു പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎസ് സായുധ സേനയുമായി തന്ത്രപരമായ പ്രവർത്തന പങ്കാളിത്തം പുലർത്തുന്ന നാറ്റോ-ഇതര രാജ്യങ്ങൾക്ക് അമേരിക്ക നൽകുന്ന പദവിയാണിത്. യുഎസ്-ഖത്തർ ബന്ധത്തിൽ പങ്കാളിത്ത നവീകരണവും പ്രത്യേക സാമ്പത്തിക, സൈനിക ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പുതിയ നീക്കം.
ജനുവരി അവസാനം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വൈറ്റ് ഹൗസ് സന്ദശനത്തിൽ ജോ ബൈഡൻ നൽകിയ വാഗ്ദാനമാണ് ആഴ്ചകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് യുഎസ് പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഖത്തറിനെ യുഎസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കുന്നത് “നമ്മുടെ ബന്ധത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കാനാണ്” എന്ന് ബൈഡൻ പറഞ്ഞു. ഇത് വളരെ കാലതാമസത്തിലാണെന്ന് ഞാൻ കരുതുന്നു.
കുവൈത്തിനും ബഹ്‌റൈനും ശേഷം ഗൾഫ് മേഖലയിലെ യുഎസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് പ്രകാരം, “അമേരിക്ക ആ രാജ്യങ്ങളുമായി പങ്കിടുന്ന അടുത്ത ബന്ധത്തിന്റെ ശക്തമായ പ്രതീകമാണ് നാറ്റോ ഇതര പങ്കാളിത്തം. ഇത് പ്രസ്തുത രാജ്യങ്ങളോടുള്ള ഞങ്ങളുടെ ആഴമായ ബഹുമാനം തെളിയിക്കുന്നു”.
വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിൽ, കൊളംബിയയേയും യുഎസ് നോൺ-നാറ്റോ സഖ്യത്തിൽ ഉൾപെടുത്തി. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, ഇസ്രായേൽ, ജപ്പാൻ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, ടുണീഷ്യ തുടങ്ങി ഒരു ഡസനോളം രാജ്യങ്ങളാണ് നിലവിൽ പ്രസ്തുത സഖ്യതിലുള്ളത്.