Qatar
അൽ റയ്യാൻ മുൻസിപ്പാലിറ്റിയിൽ റെയ്ഡ് സജീവം; ആറര ടൺ ഒലിവ് നശിപ്പിച്ചു
അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ് നടത്തി. ഗോഡൗണിൽ നടത്തിയ റെയ്ഡിൽ, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 6,840 കിലോഗ്രാം ഒലീവ് നശിപ്പിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, തെക്കൻ മുഐതർ ഏരിയയിലെ ലൈസൻസില്ലാത്ത വെയർഹൗസിൽ നിന്നാണ് ഒലിവ് പിടിച്ചെടുത്തത്.
200 കിലോഗ്രാം ഭാരമുള്ള 30 ബാരലുകളിലും 8 കിലോ കപ്പാസിറ്റിയുള്ള 105 ഡ്രമ്മുകളിലുമായി പച്ച, കറുപ്പ് നിറങ്ങളിലുള്ള വിവിധ പൊതികളാണ് കണ്ടെത്തിയത്. അവയ്ക്ക് പ്രത്യക്ഷത്തിൽ തന്നെ പൂപ്പൽ ബാധ ഉണ്ടെന്നും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും അൽ റയ്യാനിൽ പരിശോധനകൾ തുടർന്നേക്കും.