Qatar

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വെള്ളിയാഴ്ച അന്തരിച്ചതായി പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അറിയിച്ചു.

2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

1971-ൽ യൂണിയൻ മുതൽ 2004 നവംബർ 2-ന് അന്തരിക്കുന്നത് വരെ യു.എ.ഇ.യുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായിയാണ് മൂത്ത മകനായിരുന്ന അൽ നഹ്യാൻ തിരഞ്ഞെടുക്കപ്പെട്ടത്.

1948-ൽ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു.

യുഎഇയുടെ പ്രസിഡന്റായതിനുശേഷം, അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ പ്രധാന പുനർനിർമ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.

അൽ നഹ്യാന്റെ ഭരണത്തിൻ കീഴിലാണ് ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചത്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധി കേന്ദ്രീകരിച്ച് സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ഷെയ്ഖ് ഖലീഫ ആരംഭിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും ഇടത്തരം വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.

നോർത്തേൺ എമിറേറ്റ്‌സിന്റെ ആവശ്യങ്ങൾ പഠിക്കുന്നതിനായി അദ്ദേഹം യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി. ഇക്കാലയളവിൽ പാർപ്പിടം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.

കൂടാതെ, ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾക്കുള്ള നാമനിർദ്ദേശ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള ഒരു സംരംഭം അദ്ദേഹം ആരംഭിച്ചു. ഇത് യുഎഇയിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായും മാറി.

യുഎഇയിലും മേഖലയിലും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്ന അൽ നഹ്യാൻ ഔദ്യോഗിക ദൗത്യങ്ങളിലൂടെയും മറ്റും ഇടയ്ക്കിടെ ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം നടത്തിയിരുന്നു. അൽ നഹ്യാന്റെ മരണത്തിൽ യുഎഇ 3 ദിവസം പൊതു അവധിയും 40 ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button