റജബ് ത്വയ്യിബ് ഉർദുഗാൻ അടുത്തയാഴ്ച്ച ഖത്തറിൽ
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ദ്വിദിന സന്ദർശനത്തിനായി ഡിസംബർ 6 ന് ഖത്തറിലെത്തും. 1972 മുതൽ സഖ്യകക്ഷികളായ ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം തന്നെയാവും സന്ദർശനം ലക്ഷ്യമിടുക. കഴിഞ്ഞ വർഷങ്ങളിൽ, പ്രത്യേകിച്ചും 2017 ൽ സൗദിയുടെ നേതൃത്വത്തിൽ ജിസിസി രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, ഖത്തർ-തുർക്കി ബന്ധം കൂടുതൽ ശക്തിപ്പെട്ടിരുന്നു.
2015 ൽ ഖത്തർ-തുർക്കി സംയുക്ത സേനാ കമാൻഡിന്റെ നേതൃത്വത്തിൽ 3,000 സൈനികരുമായി തുർക്കി ഖത്തറിൽ സൈനിക താവളം സ്ഥാപിച്ചു. ഈ നീക്കത്തെ “അസ്ഥിരതയുടെ ഉറവിടം” എന്നാണ് ഖത്തർ ഉപരോധ ശക്തികൾ വിശേഷിപ്പിച്ചത്.
ഖത്തറി യുദ്ധവിമാന പൈലറ്റുമാരെ പരിശീലിപ്പിക്കാനും 36 ഖത്തരി സൈനിക വിമാനങ്ങളെയും 250 ഉദ്യോഗസ്ഥരെയും താൽക്കാലികമായി വിന്യസിക്കാനും തുർക്കി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ വന്നു. തുർക്കിയും ഖത്തറും ഒപ്പിട്ട സാങ്കേതിക ഉടമ്പടി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പാർലമെന്റിന്റെ അംഗീകാരത്തിനായി അയച്ചതായും റിപ്പോർട്ട് പറയുന്നു.
ഖത്തറും തുർക്കിയും സാമ്പത്തികം, സൈനികം, സുരക്ഷ, നിക്ഷേപം, ഊർജം, സംസ്‌കാരം, ബൗദ്ധിക സ്വത്ത്, വിദ്യാഭ്യാസം, എന്നിവയുൾപ്പെടെ നിരവധി മേഖലകൾ ഉൾക്കൊള്ളുന്ന 62 കരാറുകളെങ്കിലും ഉണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ, ദോഹയും അങ്കാറയും തമ്മിലുള്ള വ്യാപാരത്തിന്റെ അളവ് 6% വർദ്ധിച്ച് 1.6 ബില്യൺ ഡോളറിലെത്തി.
തുർക്കിയിലെ ഖത്തറിന്റെ മൊത്തം നിക്ഷേപം ഇപ്പോൾ 22 ബില്യൺ ഡോളറിലെത്തി, 533 ടർക്കിഷ് കമ്പനികൾ ഖത്തറിൽ 18.5 ബില്യൺ ഡോളറെങ്കിലും മൂല്യമുള്ള നിരവധി പദ്ധതികളിൽ പ്രവർത്തിക്കുന്നു. നിലവിൽ 179 ഖത്തർ കമ്പനികളാണ് തുർക്കിയിൽ പ്രവർത്തിക്കുന്നത്.
അതേസമയം, ഫെബ്രുവരിയിൽ യുഎഇയിൽ ഔദ്യോഗിക സന്ദർശനം നടത്താനും പദ്ധതിയിടുന്നതായി എർദോഗൻ പറഞ്ഞു. കഴിഞ്ഞ മാസം എമിറാത്തി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (MBZ) തുർക്കി ആതിഥ്യമരുളിയിരുന്നു. MBZ-ന്റെ സന്ദർശനം, ഇസ്താംബൂൾ-അബുദാബി ബന്ധം ഉലഞ്ഞ കാലയളവിന് ശേഷമുള്ള ഒരു യുഎഇ ഉന്നതന്റെ ആദ്യ തുർക്കി സന്ദർശനവും 2012 ന് ശേഷം തുർക്കിയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക യാത്രയുമായി.