Qatar

ഖത്തർ ഉം സലാലയിൽ 17 വയസ്സുകാരനെ സിംഹം ആക്രമിച്ചു

ഖത്തറിൽ ഒരു വിദഗ്ധ മൃഗ പരിശീലകന്റെ കീഴിൽ വളര്‍ത്തിയിരുന്ന സിംഹം ഒരു 17 വയസ്സുകാരന്‍റെ മേല്‍ ആക്രമണം നടത്തിയതായി അൽ ഷാർക്ക് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തില്‍ യുവാവിന് തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ പരുക്കുകള്‍ ഏറ്റു. സംഭവം ഏതാണ്ട് രണ്ടാഴ്ച മുമ്പ് ഉം സലാൽ പ്രദേശത്താണ് നടന്നത്.

പരിക്കേറ്റ സ്വദേശി യുവാവിന്‍റെ മാതാവ് അൽ ഷാർക്കിനോട് പറഞ്ഞതനുസരിച്ച്, 2022-ൽ അവരുടെ മകന്‍ 4 മാസം പ്രായമുള്ള ഒരു പെൺസിംഹത്തെ വാങ്ങിയെങ്കിലും, താമസിയാതെ അതിനോട് അലർജി ഉണ്ടെന്ന് കണ്ടെത്തി. അതിനെ തുടർന്ന് സിംഹത്തെ ഒരു മൃഗ പരിശീലകന്റെ സംരക്ഷണയിലേക്ക് മാറ്റി. 

യുവാവ് സിംഹത്തെ കാണാന്‍ മൂന്ന് തവണ മാത്രമേ എത്തിയിട്ടുള്ളൂവെന്ന് മാതാവ് വ്യക്തമാക്കി. ആദ്യത്തെ സന്ദർശനം 2024 സെപ്റ്റംബറിലും, രണ്ടാമത്തേത് അതേ വർഷം നവംബറിലും നടന്നു. മൂന്നാമത്തെയും അവസാനത്തെയും സന്ദർശനത്തിലാണ് ആക്രമണത്തിന് കാരണമായത്. 2025 ജനുവരി 12-നായിരുന്നു ഇത്.

അമ്മയുടെ പ്രസ്താവന പ്രകാരം, ആദ്യത്തെ സന്ദർശനങ്ങളില്‍ യുവാവ് കൂട്ടിനുള്ളിലുള്ള സിംഹവുമായാണ് സംവദിച്ചത്. എന്നാൽ, അവസാന രണ്ട് സന്ദർശനങ്ങളില്‍ സിംഹത്തെ പുറത്ത് വിട്ടിരുന്നു. 

ഈ സമയത്ത്, 7 വയസ്സുള്ള ഒരു സിംഹവും പെൺസിംഹത്തോടൊപ്പം പുറത്ത് വിട്ടിരുന്നു. അവസാന സന്ദർശനത്തില്‍ ആ സിംഹമാണ് യുവാവിനെ ആക്രമിച്ചത്. 

അൽ ഷാർക്കിന്റെ റിപ്പോർട്ട് പ്രകാരം, സിംഹം യുവാവിന്‍റെ തലയിലും ശരീരത്തിലും നഖങ്ങളും കൊമ്പുകളും കൊണ്ട് കുത്തി, ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ചു. 

യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി, ഫസ്റ്റ് എയ്ഡ് നൽകിയശേഷം ഹമദ് മെഡിക്കൽ കോർപ്പറേഷന്‍റെ എമർജൻസി സേവനങ്ങളിലേക്ക് മാറ്റി. അവിടെയുള്ള പരിശോധനയിൽ യുവാവിന് തലയോട്ടിയിൽ ഭാഗികമായി ഒടിവും കണ്ണിന് ചുറ്റും ഒടിവുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴമുള്ള മുറിവുകളും ഉണ്ടെന്ന് കണ്ടെത്തി. 

അദ്ദേഹത്തിന് ഉടൻ ശസ്ത്രക്രിയ നടത്തി, 4 ദിവസം ഇന്റൻസിവ് കെയർ യൂണിറ്റില്‍ ചികിത്സ നൽകി. തുടർന്ന് 12 ദിവസം സ്പെഷ്യലൈസ്ഡ് സർജറി സെന്ററില്‍ ചികിത്സ തുടർന്നശേഷം വീട്ടിലേക്ക് മടങ്ങി.

യുവാവിന്‍റെ നിലവിലെ ആരോഗ്യനിലയിൽ ആശങ്കകൾ ഇല്ലെങ്കിലും, ആക്രമണത്തിന് ശേഷമുള്ള ഷോക്ക് മൂലം ഉണ്ടായ പിരിമുറുക്കങ്ങൾക്ക് ചികിത്സ തുടരുന്നുണ്ടെന്നും, ചികിത്സയുടെ ഭാഗമായി ഇടത് കണ്ണ് 6 മാസം അടച്ചിരിക്കേണ്ടിവരുമെന്നും മാതാവ് പറഞ്ഞു.

തന്റെ മകനെ ആക്രമിച്ചത് മകൻ വളർത്തിയിരുന്ന പെൺസിംഹമാണെന്ന പ്രചരിക്കുന്ന വാർത്തകൾ മാതാവ് നിരാകരിച്ചു. ആക്രമണം നടത്തിയത് മൃഗപരിശീലക വിദഗ്ധന്‍ വളർത്തിയിരുന്ന സിംഹമാണെന്നും, ഈ കാര്യം ഉത്തരവാദിത്വമുള്ള അധികൃതർ പരിശോധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ഹമദ് മെഡിക്കൽ കോർപ്പറേഷനോടും തന്റെ മകന്‍റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീമിനോടും അവർ നന്ദി പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button