ഖത്തറിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ X അക്കൗണ്ടുകളിൽ നിന്നും ഉപയോക്താക്കൾക്ക് വിചിത്രമായ സന്ദേശങ്ങൾ, സാങ്കേതിക തകരാർ പരിഹരിച്ചുവെന്ന് ജിസിഒ
ഖത്തറിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ എക്സ് അക്കൗണ്ടുകളെ സാങ്കേതിക തകരാർ ബാധിച്ചുവെന്ന് ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ) അറിയിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിച്ചുവെന്നും GCO അറിയിച്ചു.
പബ്ലിക് ഹെൽത്ത് മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, എൻഡോവ്മെൻ്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിങ്ങനെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് എക്സ് ഉപയോക്താക്കൾക്ക് വിചിത്രമായ സന്ദേശങ്ങൾ ലഭിച്ചതായി അൽ ഷാർഖ് ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്തിരുന്നു.
അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താൻ വേണ്ടി ആളുകൾ അവർക്ക് സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും ലഭിച്ച “ഹായ്” മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടിരുന്നു. സാങ്കേതിക പിഴവുകൾ പൂർണമായും പരിഹരിച്ചതായി GCO അറിയിച്ചു.