കുട്ടികളിലെ കാൻസറിന് പുതിയ ചികിത്സാരീതി, CAR ടി-സെൽ തെറാപ്പി അവതരിപ്പിക്കാൻ സിദ്ര മെഡിസിൻ
കുട്ടികളിലെ ക്യാൻസറിന് രാജ്യാന്തര അംഗീകാരം ലഭിച്ച പുതിയ ചികിത്സാരീതി ഖത്തർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഖത്തറിലെ മികച്ച മെഡിക്കൽ റിസർച്ച് ആൻഡ് ട്രീറ്റ്‌മെൻ്റ് സെൻ്ററായ സിദ്ര മെഡിസിൻ അതിൻ്റെ പുതിയ ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്റ്റിസ് (ജിഎംപി) സൗകര്യത്തിൽ CAR T-സെൽ തെറാപ്പി കൊണ്ടുവരാൻ ഒരുങ്ങുകയാണ്.
ഖത്തറിലെ രക്താർബുദം ബാധിച്ച കുട്ടികൾക്ക് ഈ നൂതന ചികിത്സ പുതിയ പ്രതീക്ഷ നൽകുമെന്ന് സിദ്ര മെഡിസിനിലെ അഡ്വാൻസ്‌ഡ് സെൽ തെറാപ്പി കോറിന് നേതൃത്വം നൽകുന്ന ഡോ. ചിയാര കുഗ്നോ പറഞ്ഞു. “ഞങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ജിഎംപി സൗകര്യം തുറന്നു, അവിടെ ഞങ്ങളിപ്പോൾ CAR T-സെൽ തെറാപ്പി ആരംഭിക്കാൻ ഒരുങ്ങുകയാണ്.” ഡോ. കുഗ്നോ തിങ്കളാഴ്‌ച ഒരു പരിപാടിയിൽ പറഞ്ഞു.
“ഹോപ്പ് ഫോർ ലിറ്റിൽ ഹീറോസ്: റെവല്യൂസിംഗ് പീഡിയാട്രിക് ക്യാൻസർ തെറാപ്പിസ്” എന്ന തലക്കെട്ടിൽ നടന്ന പരിപാടി മഷീറബ് മ്യൂസിയവും സിദ്ര മെഡിസിനും ചേർന്നാണ് സംഘടിപ്പിച്ചത്. ഖത്തറിൽ കുട്ടികൾക്കുണ്ടാകുന്ന കാൻസറിനുള്ള ചികിത്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചു.
ക്യാൻസറിനെ ചെറുക്കാൻ കുട്ടിയുടെ സ്വന്തം രോഗപ്രതിരോധ കോശങ്ങൾ ഉപയോഗിക്കുന്നത് CAR T- സെൽ തെറാപ്പിയിൽ ഉൾപ്പെടുന്നു. ഈ തെറാപ്പി രോഗികൾക്ക് നൽകുന്നതിന് മുമ്പ്, അത് ഫലപ്രദവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. യുഎസിലും യൂറോപ്പിലും അംഗീകരിക്കപ്പെട്ട തെറാപ്പി കൂടുതൽ താങ്ങാനാകുന്ന തരത്തിൽ ഖത്തറിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡോ.കുഗ്നോ വിശദീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് ഖത്തറിൽ ലഭ്യമാകും.
കുട്ടികളിലെ കാൻസർ സംബന്ധിച്ച ബോധവൽക്കരണ മാസമാണ് സെപ്‌തംബർ. ലോകമെമ്പാടും, ഓരോ വർഷവും ഒരു ദശലക്ഷത്തിൽ 50 മുതൽ 200 വരെ കുട്ടികൾ കാൻസർ ബാധിതരാകുന്നു. ഖത്തറിൽ, സിദ്ര മെഡിസിൻ പ്രതിവർഷം 70 മുതൽ 100 വരെ പുതിയ ബാല്യകാല കാൻസർ കേസുകൾ കാണുന്നുണ്ട്.
ലുക്കീമിയയും ബ്രെയിൻ ട്യൂമറുകളുമാണ് കുട്ടികളിലെ ക്യാൻസറിന്റെ ഏറ്റവും സാധാരണയായി രൂപം, മൊത്തം കേസുകളുടെ പകുതിയോളമാണ് ഇവ വരുന്നത്. എങ്കിലും ചികിത്സയിലെ പുരോഗതി കാരണം ഖത്തറിൽ കുട്ടികളുടെ കാൻസർ പരിചരണം വളരെയധികം മെച്ചപ്പെട്ടു.
ശസ്‌ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവയുൾപ്പെടെ കുട്ടിക്കാലത്തെ ക്യാൻസറിനുള്ള എല്ലാ സ്റ്റാൻഡേർഡ് ചികിത്സകളും തങ്ങൾക്കുണ്ടെന്ന് സിദ്ര മെഡിസിനിലെ ന്യൂറോ-ഓങ്കോളജിയുടെ ക്ലിനിക്കൽ ലീഡർ ഡോ. അതാ ഉർ റഹ്‌മാൻ മാസ് പറഞ്ഞു.
മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഇതുവരെ ലഭ്യമല്ലാത്ത ഏക ചികിത്സ. എന്നാൽ ഇത് പ്രാഥമികമായി നൽകുന്ന ചികിത്സയിൽ ഉൾപ്പെടുന്നില്ലെന്നും മറ്റ് ചികിത്സകൾ പ്രവർത്തിക്കാത്തപ്പോഴാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ വർഷം അവസാനത്തോടെ ഇത് ലഭ്യമാകും.
കൂടാതെ, ഖത്തറിന് ഇപ്പോൾ ക്ലിനിക്കൽ ട്രയലുകളിലേക്ക് പ്രവേശനമുണ്ട്. ഇത് ലഭ്യമല്ലാത്ത പുതിയതും പരീക്ഷണാത്മകവുമായ മരുന്നുകൾ ഗവേഷണങ്ങൾ നടത്തി സ്വീകരിക്കാൻ ഖത്തറിനെ അനുവദിക്കുന്നു.