കനത്ത കാറ്റ്, മണൽക്കൂനകൾ അടിഞ്ഞും മരങ്ങൾ വീണും നിരത്തുകൾ, നീക്കം ചെയ്ത് നഗരസഭ
അൽ റയ്യാൻ: സമീപ ദിവസങ്ങളിലായി രാജ്യത്ത് തുടരുന്ന കനത്ത വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി നിരത്തുകളിൽ പൊടി/മണൽ അടിഞ്ഞുകൂടുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്യുന്നത് രൂക്ഷമായി. മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) പൊതു ശുചിത്വ വകുപ്പ്, ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളുമായും സുരക്ഷാ വകുപ്പുകളുമായും ഏകോപിപ്പിച്ച് റോഡുകളിൽ കുമിഞ്ഞുകൂടിയ വലിയ അളവിലുള്ള മണലും ശക്തമായ കാറ്റ് മൂലം വീണ മരങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വെള്ളിയാഴ്ച രാത്രിയോടെ തുടങ്ങിയതായും മുൻസിപ്പാലിറ്റി വകുപ്പ് അറിയിച്ചു.
ക്ളീനപ്പ് ജോലികൾ തുടരുകയാണെന്നും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് രാജ്യത്തെ പ്രധാന പ്രദേശങ്ങളിലും റോഡുകളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയതായും എംഎംഇ പറഞ്ഞു. പ്രത്യേകിച്ചും, വലിയ രീതിയിൽ മണൽകൂനകളും കടപുഴകിയ മരങ്ങളും അടിഞ്ഞു കൂടിയ സീലിൻ, അൽ റയ്യാൻ, അൽ ഷീഹാനിയ എന്നീ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്.
നിരത്തുകളിൽ സമാനമായ പ്രശ്നങ്ങൾ കാണപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾ 184 എന്ന നമ്പറിൽ വിളിച്ചു അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേ സമയം രാജ്യത്ത് ഇന്നും വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്നുള്ള പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.