ദർബ് അൽ സായിയിൽ നടക്കുന്ന അൽ മീസ്, അൽ സൂഖ് പരിപാടികൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ സംഘാടക സമിതി ഉമ്മ് സലാലിലെ ദർബ് അൽ സായിയിൽ നടക്കുന്ന അൽ മീസ്, അൽ സൂഖ് എന്നീ പരിപാടികൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 24 ആണ്. രജിസ്റ്റർ ചെയ്യുന്നതിന്, കമ്മിറ്റിയുടെ വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ചില ആവശ്യകതകൾ പാലിക്കണം.
അൽ മീസ് ഏരിയയിൽ വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകളും ബൂത്തുകളും ഉണ്ടാകും. യുവ ഖത്തറികളെ അവരുടെ കമ്മ്യൂണിറ്റിയിൽ പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പുതിയതും ചെറുതുമായ ബിസിനസുകളെ പിന്തുണയ്ക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക ഖത്തർ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുന്ന ഒരു വിപണിയാണ് അൽ സൂഖ്. ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
ഖത്തർ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി 1878ൽ നടത്തിയ രാജ്യത്തിന്റെ ഏകീകരണമാണ് ഡിസംബർ 18-ന് ആഘോഷിക്കുന്ന ഖത്തർ ദേശീയ ദിനം. ആധുനിക ഖത്തറിന് അദ്ദേഹം അടിത്തറ പാകുകയും, ഏകീകൃതവും സ്വതന്ത്രവുമായ രാജ്യമാക്കി മാറ്റുകയും ചെയ്‌തു.