BusinessQatar

ഗ്യാസ് വില കുത്തനെ ഉയരുന്നു; കാരണം വെളിപ്പെടുത്തി ഖത്തർ ഊർജകാര്യ സഹമന്ത്രി

ദോഹ: ആഗോള വിപണിയിൽ പ്രകൃതി വാതക വില കുത്തനെ ഉയരുന്നത് റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധി മൂലമല്ലെന്ന് ഊർജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി. മറിച്ചു ഇത് നിക്ഷേപങ്ങളുടെ അഭാവമാണ് സൂചിപ്പിക്കുന്നത്. 

അധിക എൽഎൻജിക്കായുള്ള യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഖത്തർ ആഗ്രഹിക്കുന്നു. എന്നാൽ രാജ്യത്തിന്റെ കയറ്റുമതിയിൽ ഭൂരിഭാഗവും ഇതിനകം ദീർഘകാല കരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ന് വിലനിർണ്ണയത്തിൽ നടക്കുന്നതെല്ലാം അടിസ്ഥാനപരമായി നിക്ഷേപങ്ങളുടെ അഭാവം മൂലമാണ്. അത് മാറാൻ സമയമെടുക്കും. സപ്ലൈ ഡിമാൻഡിന് കാലക്രമേണ സ്വയം തിരുത്താനുള്ള പ്രവണതയുണ്ട്. അതിനാൽ ഇത് ശരിയാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും സമയം എടുത്തേക്കും, ”ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറത്തിന്റെ (ജിഇസിഎഫ്) ആറാമത് ഉച്ചകോടിയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി അൽ കാബി പറഞ്ഞു.

റഷ്യക്ക് വാതക വിതരണത്തിന് പകരം വയ്ക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

“യൂറോപ്പിലേക്കുള്ള വിതരണത്തിന്റെ 30-40 ശതമാനം റഷ്യ നൽകുന്നു. അത്തരത്തിലുള്ള വോളിയം മാറ്റിസ്ഥാപിക്കാൻ ഒരു രാജ്യവുമില്ല. ഖത്തർ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിൽ നിന്നോ ഉള്ള എൽഎൻജിക്ക് അതിന് പകരമാകാനുള്ള ശേഷിയില്ല.”

“എൽഎൻജിയുടെ ഭൂരിഭാഗവും ദീർഘകാല കരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, വോളിയത്തിന്റെ തുക മാറ്റിസ്ഥാപിക്കുന്നത് മിക്കവാറും അസാധ്യമാണ്, ”അദ്ദേഹം പറഞ്ഞു.

ഖത്തറിന് യൂറോപ്പിലേക്ക് ഷിപ്പ് ചെയ്യാവുന്ന ഡൈവേർട്ടബിൾ കരാറുകളുടെ തുക 10-15 ശതമാനം മാത്രമാണെന്ന് മന്ത്രി വെളിപ്പെടുത്തി.

അതേസമയം, നിലവിലുള്ള ഗ്യാസിന്റെ പരിധിക്കുള്ളിൽ അധിക അളവ് നൽകിക്കൊണ്ട് യൂറോപ്യൻ യൂണിയനെ സഹായിക്കാനുള്ള ആഗ്രഹം സഹമന്ത്രി ചൂണ്ടിക്കാട്ടി, “ഞങ്ങൾ സഹായിക്കും. ഏതാനും ആഴ്‌ചകളായി ചർച്ചകൾ നടക്കുന്നുണ്ട്. ഏത് പാർട്ടിക്കും കഴിയുന്നത്ര ഗ്യാസ് വിതരണം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്.”

ഗ്യാസ് വിതരണത്തിന്റെ കാര്യത്തിൽ ഖത്തർ വിശ്വസനീയമായ രാജ്യമാണെന്ന് എപ്പോഴും തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഫോറം ഉക്രെയ്നിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും ഇത് ഒരു രാഷ്ട്രീയ ഫോറമല്ലെന്നും മന്ത്രി പറഞ്ഞു.

അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പെട്രോളിയം, ധാതു വിഭവശേഷി മന്ത്രി തരെക് എൽ മൊല്ല, ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറം (ജിഇസിഎഫ്) സെക്രട്ടറി ജനറൽ മുഹമ്മദ് ഹാമൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button