ടോക്കിയോ: ഒളിമ്പിക്സിൽ ഖത്തറിന് വീണ്ടും സ്വർണം. പുരുഷ ഹൈ ജമ്പിലാണ് ഖത്തറിന്റെ മുത്താസ് ബർഷിം സ്വർണ മെഡൽ കരസ്ഥമാക്കിയത്. 2.37 മീറ്റർ ഉയരത്തിൽ ചാടിയാണ് മുത്താസ് ബർഷിമിന്റെ ഹൈ ജമ്പിലെ സ്വർണ നേട്ടം. അതേ ഉയരത്തിൽ ചാടിയ ഇറ്റലിയുടെ ജിയാൻ മാർക്കോയുമായാണ് മുത്താസ് ബർഷിം നേട്ടം പങ്കുവെച്ചത്. 2.39 മീറ്റർ കീഴടക്കാൻ പരാജയപ്പെട്ട ഇരുവരും സ്വർണമെഡൽ സംയുക്തമായി പങ്കുവെക്കാൻ തീരുമാനിക്കുകയായിരുന്നു. ശക്തമായ മത്സരത്തിൽ, ബെലാറസിന്റെ മാക്‌സിം നെദാസെകാവുവാണ് വെങ്കലം നേടിയത്.
നേരത്തെ, 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന മുത്താസ് ബർഷിം, 2016 റിയോ ഒളിമ്പിക്സിൽ ഖത്തറിന്റെ ചരിത്രത്തിലെ ആദ്യത്തെ വെള്ളിയും കരസ്ഥമാക്കിയിരുന്നു. ഖത്തറിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ എന്ന ഖ്യാതിയും മുപ്പതുകാരനായ ബർഷിമിന്റെ പേരിലാണ്. നിലവിൽ ടോക്കിയോ ഒളിമ്പിക്സിലെയും ചരിത്രത്തിലെയും ഖത്തറിന്റെ രണ്ടാമത്തെ സ്വർണനേട്ടമാണ് ഇത്. ഇന്നലെ പുരുഷന്മാരുടെ ഭാരോദ്വാഹനത്തിൽ ഫാരിസ് ഇബ്രാഹിമിലൂടെ, ഖത്തർ ചരിത്രത്തിലാദ്യമായി ഒളിമ്പിക് സ്വർണ മെഡൽ വിജയിച്ചിരുന്നു.