2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ടൂറിസ്റ്റുകളായി 12 ലക്ഷം പേർ ഖത്തറിലെത്തുമെന്നു കണക്കാക്കുന്നതായി റിപ്പോർട്ട്. ഖത്തറിലെ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഓഫ് ഡെലിവറി ആന്റ് ലെഗസിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.
ഇവർക്കായി നിലവിലുള്ള ഹോട്ടലുകൾക്ക് പുറമെ കൂടുതൽ നവീനമായതും താത്കാലികമായതുമായ താമസ സൗകര്യങ്ങൾ ഒരുക്കുകയാണെന്നു സംഘാടക സമിതി കമ്യൂണിക്കേഷൻ ഹെഡ് ഫാത്തിമ അൽ നുഐമി പറഞ്ഞു. ക്രൂയിസ് കപ്പലുകളും മരുഭൂമിയിലെ ഫാൻ വില്ലേജുകളും സ്വകാര്യ വീടുകളും ഇവർക്കുള്ള താമസസൗകര്യമായി മാറും. 1600 മുറികൾ ഉള്ള 16 ‘ഒഴുകുന്ന ഹോട്ടലു’കളും നിർമ്മാണ ഘട്ടത്തിലാണ്.
‘ഹോസ്റ്റ് എ ഫാൻ’ പരിപാടിയിലൂടെ സ്വകാര്യ വീടുകളിൽ താമസം ഒരുങ്ങുന്നതിനൊപ്പം അതിഥികൾക്ക് ഖത്തരി സംസ്കാരം അടുത്തറിയാനുള്ള അവസരവുമാകുമെന്നും അൽ നുഐമി വ്യക്തമാക്കി.