ഈ ബേബി ഫുഡുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം
ദോഹ: ഖത്തറിൽ നിശ്ചിത ബേബി ഫുഡുകൾക്കെതിരെ മുന്നറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം. അമേരിക്കയിൽ നിന്നുള്ള അബോട്ട് കമ്പനി നിർമ്മിച്ച സിമിലാക്ക് ഹ്യൂമൻ മിൽക്ക് ഫോർട്ടിഫയർ, എലികെയർ, എലികെയർ ജെആർ – എന്നീ ബേബി ഫോർമുല പാൽ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവയിലെ ചില ബാച്ചുകളിൽ മലിനീകരണ സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സാൽമൊണെല്ലയും ക്രോണോബാക്ടർ ബാക്ടീരിയയും ഈ ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇവ നൽകുന്നത് ഒഴിവാക്കണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം നിർദ്ദേശിച്ചു.
മാലിന്യം കലർന്ന ബേബി പാൽപ്പൊടി ഉൽപന്നങ്ങളെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്താരാഷ്ട്ര ശൃംഖലയായ ഇൻഫോസനിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് മന്ത്രാലയം മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
ഖത്തറിൽ ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന പിൻവലിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിനായി അവയുടെ സാമ്പിളുകൾ അയക്കുകയും ചെയ്തു. സമാനമായ ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പിൻവലിക്കാനുള്ള നടപടികളും സ്വീകരിച്ചു.
ഈ സാഹചര്യത്തിൽ ഇത്തരം സംശയാസ്പദമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന മാർക്കറ്റ് സ്ഥലങ്ങളും പരിമിതപ്പെടുത്തിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ ഉൽപ്പന്നങ്ങൾ മൂലമുള്ള അസുഖങ്ങളൊന്നും രാജ്യത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മിഷിഗണിലെ ഒരു കേന്ദ്രത്തിൽ നിർമ്മിച്ച സിമിലാക്ക് ഉൾപ്പെടെയുള്ള ബേബി പൗഡർ ഫോർമുലകൾ കഴിക്കുന്ന ശിശുക്കളിൽ ബാക്ടീരിയ അണുബാധയുണ്ടെന്ന് നാല് ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഇവ തിരിച്ചുവിളിക്കുന്നതായി അബോട്ട് കമ്പനിയും അറിയിച്ചു.
ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ:
നിർമ്മാണ കമ്പനി: അബോട്ട്
ബ്രാൻഡ്: Similac Human Milk Fortifier, Elecare, Elecare JR
ഉൽപ്പന്ന കോഡുകളുടെ ആദ്യ രണ്ട് അക്കങ്ങൾ (22 മുതൽ 37 വരെ) വരെയാണ്.
ഉൽപ്പാദന തീയതി: 01 നവംബർ 2020 എക്സ്പെയറി തീയതി: 01 ഏപ്രിൽ 2022