ദോഹയിലെ ഹമാസ് ഓഫീസ് അടച്ചു പൂട്ടിയിട്ടില്ല, കക്ഷികളുടെ ഗൗരവമില്ലായ്‌മ കാരണമാണ് മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ഖത്തർ
ഇസ്രായേൽ അധിനിവേശത്തിനെതിരെ ഹമാസ് നടത്തുന്ന ചെറുത്തുനിൽപ്പുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ താൽക്കാലികമായി നിർത്തി വച്ചതിന് കാരണം ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്‌മയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ഇതിനർത്ഥം ദോഹയിലെ ഹമാസിൻ്റെ ഓഫീസ് അടച്ചുപൂട്ടി എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രാലയത്തിൻ്റെ പ്രതിവാര ബ്രീഫിംഗിൽ സംസാരിച്ച അദ്ദേഹം ദോഹയിലെ ഹമാസിൻ്റെ ഓഫീസ് ഇപ്പോഴും അടച്ചുപൂട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി. അടച്ചു പൂട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടു വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്‌താവനയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. പ്രസ്ഥാനത്തിൻ്റെ പ്രതിനിധികൾ തിരിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുനരാരംഭിക്കുന്നതിനുള്ള കൃത്യമായ തീരുമാനം ഉണ്ടാകുന്നത് വരെ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു, വെടിനിർത്തൽ കരാറിലെത്തുന്നതിൽ ഖത്തർ ഗൗരവം കാണിക്കുന്നുണ്ടെന്നും, ഗാസയിലെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ മടിയില്ലെന്നും അൽ അൻസാരി കൂട്ടിച്ചേർത്തു.
മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിന് കാരണം അതിൽ ഉൾപ്പെട്ട കക്ഷികൾ പ്രതിബദ്ധത കാണിക്കാത്തതു കൊണ്ടാണെന്നും മധ്യസ്ഥ പ്രക്രിയയിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ ഖത്തർ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം ലഘൂകരിക്കാനും ഗാസയിലെ ദുരിതങ്ങൾ ലഘൂകരിക്കാനും തടവുകാരെയും ബന്ദികളെയും തിരികെ കൊണ്ടുവരാനും ആവശ്യമായതെല്ലാം ചെയ്യാൻ ഖത്തർ ആദ്യ ദിവസം മുതൽ തയ്യാറാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കരാറിൽ എത്താതിരിക്കുകയോ അതിനു വേണ്ടിയുള്ള പ്രതിബദ്ധത കാണിക്കുന്നില്ലെന്നോ തോന്നിയാൽ ഖത്തർ തങ്ങളുടെ മധ്യസ്ഥ ശ്രമം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് 10 ദിവസം മുമ്പ് പാർട്ടികളെ അറിയിച്ചിരുന്നുവെന്ന് ഡോ. അൽ അൻസാരി പറഞ്ഞു. പലസ്‌തീനിലുള്ളവർക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ഇപ്പോൾ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഈജിപ്‌തുമായും മറ്റ് അറബ് രാജ്യങ്ങളുമായും ഇക്കാര്യത്തിൽ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതു കൊണ്ട് എല്ലാ കാര്യങ്ങളിൽ നിന്നും പിന്മാറുകയാണെന്നോ, യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന ഖത്തറിൻ്റെ നിലപാടിൽ നിന്നുള്ള മാറ്റത്തെയോ അർത്ഥമാക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു. .
ഇസ്രായേലിന് ആയുധ വിൽപ്പന നിരോധിക്കാനുള്ള ചില യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ കുറിച്ച് സംസാരിച്ച ഡോ. അൽ അൻസാരി ഈ നീക്കത്തെ സ്വാഗതം ചെയ്‌തു. ഏതെങ്കിലും കക്ഷിക്ക് ആയുധങ്ങൾ നൽകുന്നത് യുദ്ധം നീണ്ടു നിൽക്കാൻ മാത്രമാണ് സഹായിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.