ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ക്രിയാശേഷിയുള്ള രാജ്യങ്ങളുടെ ഇയർബുക്ക് റാങ്കിംഗിൽ ഖത്തറിന് 17-ആം സ്ഥാനം. സ്വിറ്റ്‌സർലാൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രതിവർഷം പ്രധാന വികസിത രാജ്യങ്ങൾ അടങ്ങുന്ന 64 രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഇറക്കുന്ന ‘വേൾഡ് കോമ്പ്റ്റിറ്റീവ്നെസ് ഇയർബുക്കി’ന്റെ 2021 പതിപ്പിലാണ് ഖത്തറിന് സവിശേഷനേട്ടം ലഭിച്ചത്. സ്വിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലെ ആഗ്രഗണ്യരായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ഡെവലപ്മെന്റ് (IMD) 1989 മുതൽ പ്രസിദ്ധീകരിക്കുന്ന കോമ്പ്റ്റിറ്റീവ്നെസ് റാങ്കിംഗ് സാമ്പത്തിക ലോകത്തെ ശ്രദ്ധേയമായ പഠന റിപ്പോർട്ടുകളിലൊന്നാണ്.
IMD ക്ക് ലഭിക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്‌സും ബിസിനസ് ലോകത്ത് നടത്തുന്ന സാമ്പിൾ സർവേയും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. വിവിധ വിഭാഗങ്ങളായി തിരിക്കുന്ന പഠനത്തിൽ സർക്കാരിന്റെ കാര്യശേഷിയിൽ ഖത്തറിന് 6-ആം സ്ഥാനവും സാമ്പത്തിക മേഖലയിലെ പ്രകടനത്തിൽ പതിനൊന്നാം സ്ഥാനവുമാണ്. സാമ്പത്തിക എഫിഷ്യൻസിയിൽ പതിനഞ്ചും ഇൻഫ്രാസ്ട്രക്ചറിൽ നാല്പതുമാണ് ഖത്തറിന്റെ സ്ഥാനം.
ശക്തമായ സാമ്പത്തിക പ്രകടനത്തിനൊപ്പം, ഖത്തറിന്റെ കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് (ഒന്നാം സ്ഥാനം), ഉപഭോക്തൃ പ്രൈസ് ഇൻഫ്ളേഷൻ (ഒന്നാം സ്ഥാനം), സർക്കാർ ബജറ്റ് മിച്ചത്തിന്റെ ഉയർന്ന ശതമാനം/കമ്മി (ഒന്നാം സ്ഥാനം), സെൻട്രൽ ബാങ്ക് പോളിസി (രണ്ടാം സ്ഥാനം), സുതാര്യത (മൂന്നാം റാങ്ക്), സംരംഭകത്വം (മൂന്നാം റാങ്ക്), തുടങ്ങി നിരവധി ഘടകങ്ങൾ ഖത്തറിന്റെ റാങ്കിലെ മുന്നേറ്റത്തെ തുണച്ചപ്പോൾ, സ്റ്റാർട്ടപ്പ് നടപടിക്രമങ്ങൾ (54-ാം റാങ്ക്), ഉൽപ്പന്നത്തിന്റെ കയറ്റുമതി കോണ്സണ്ട്രേഷൻ (റാങ്ക് 63), പുനരുപയോഗ ഊർജം (റാങ്ക് 64) മുതലായവയിൽ ഖത്തർ പിനോട്ട് പോയി.
റിപ്പോർട്ടിലെ നിഗമനങ്ങളെ സ്വാഗതം ചെയ്ത ഖത്തർ പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിഡന്റ് ഡോ. സലേഹ് ബിൻ മുഹമ്മദ് അൽ നബിറ്റ് നേരിയ വീഴ്ച്ചയാണ് റാങ്കിംഗിൽ ഉണ്ടായിട്ടുള്ളത് എങ്കിലും കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ ഖത്തർ സാമ്പത്തിക രംഗത്തിനായതിന്റെ മികവാണ് ഉയർന്ന റാങ്കുകളിൽ തന്നെ രാജ്യത്തിന് നിലയുറപ്പിക്കാനായതെന്ന് ചൂണ്ടിക്കാട്ടി.
ഇത് 13-ആം തവണയാണ് IMD യുടെ കോമ്പ്റ്റിറ്റീവ്നെസ് ഇയർബുക്കിൽ ഖത്തർ ഇടംപിടിക്കുന്നത്. സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ഡെന്മാർക്ക്, നെതർലൻഡ്‌സ്, സിംഗപ്പൂർ എന്നിവയാണ് ആദ്യ 5 സ്ഥാനങ്ങളിൽ. ഇന്ത്യയുടെ സ്ഥാനം 43-ആമതാണ്. യുഎഇയും യുഎസ്എയും യഥാക്രമം 9, 10 സ്ഥാനങ്ങൾ നിലനിർത്തി.