ഖത്തർ ജനസംഖ്യയിൽ വൻ ഇടിവ് തുടരുന്നു. ജനന നിരക്കും താഴോട്ട്!
ദോഹ: ഖത്തറിൽ ജനസംഖ്യ താഴോട്ട് തന്നെ. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്ത് വിട്ട ജൂലൈ എഡിഷൻ കണക്കുകളിൽ, 2021 ജൂൺ മാസത്തിൽ ഖത്തറിൽ രേഖപ്പെടുത്തിയ ജനസംഖ്യ 23,80,011 ആണ്. ഒരു വർഷം മുൻപ് ഇതേ മാസത്തെ എഡിഷൻ കണക്ക് പ്രകാരം, 2020 ജൂണിൽ ഖത്തറിലുണ്ടായിരുന്ന 27,49,215 പേരിൽ നിന്ന് 3,69,204 പേരുടെ കുറവാണ് ഇക്കാലയളവിൽ സംഭവിച്ചത്. ഒരു മാസം മുൻപ് (2021 ജൂണ് എഡിഷനിലെ കണക്ക് പ്രകാരം) ഖത്തറിലുണ്ടായിരുന്ന 2,504,910 പേരിൽ നിന്ന് 124,899 പേരുടെ കുറവും സംഭവിച്ചു. അതായത് 5 ശതമാനത്തിന്റെ പ്രതിമാസ ഇടിവും 13.4 ശതമാനത്തിന്റെ കനത്ത വാർഷിക ഇടിവുമാണ് ഖത്തർ ജനസംഖ്യയിൽ ഉണ്ടായത്.
1932 ജനനങ്ങളാണ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയത്. മെയ് മാസത്തെ അപേക്ഷിച്ച് 4.1 ശതമാനം കുറവാണ് ജനനനിരക്കിലുള്ളത്. അതേ സമയം പ്രതിമാസ കണക്കിൽ മരണനിരക്കും കുറഞ്ഞിട്ടുണ്ട്. ജൂണിൽ രേഖപ്പെടുത്തിയ 229 മരണങ്ങൾ മെയിലേക്കാൾ 16.1 ശതമാനം കുറവാണ്.
പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തു വിട്ട സമീപ മാസങ്ങളിലെ കണക്കുകളിലും ഖത്തറിലെ ജനസംഖ്യ കുറയുന്നതായാണ് കാണാവുന്നത്.