ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

വടകര ഓർക്കാട്ടേരിയിലെ പെട്രോൾ പമ്പിന് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയിൽ ജിയാദ് (29) ആണ് മരിച്ചത്. ഖത്തർ പ്രവാസിയായിരുന്ന ജിയാദ് നാട്ടിലെത്തി 10 ദിവസം മാത്രമാകവേയാണ് മരണം തേടിയെത്തിയത്.
വെള്ളിയാഴ്ച രാത്രി 8.45നാണ് അപകടം സംഭവിച്ചത്. ഓർക്കാട്ടേരിയിൽനിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽനിന്ന് വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മത്തത്ത് കുനിയിൽ മൊയ്തുവിന്റെയും ഷാഹിദയുടെയും മകനാണ് മരിച്ച ജിയാദ്.
ഭാര്യ: ഷഫ്ന. ഒരു മകളുണ്ട്. സഹോദരങ്ങൾ: റംഷി, ആദിൽ, സജാദ്.
അപകടത്തിൽ പരുക്കേറ്റ 6 പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം കോട്ടക്കടവ് പള്ളിപറമ്പത്ത് അസ്ലം (28), കൈനാട്ടി ശക്കീർ (18), എടച്ചേരി തലായി പട്ടുകണ്ടിയിൽ അബ്ദുൽറഹിം (30), തലായി ഇർഷാദ് (30), തലായി നെരോത്ത് ഇസ്മായിൽ (29), കണ്ണൂക്കര കിഴക്കെ വീട്ടിൽ നിധിൻലാൽ (24) എന്നിവർക്കാണ് പരിക്കേറ്റത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG