ബ്യൂണസ് ഐറിസ്: അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ലയണൽ മെസ്സി സ്ഥിരീകരിച്ചു. 35 കാരനായ അർജന്റീന താരം തന്റെ അഞ്ചാം ലോകകപ്പാണ് ഖത്തറിൽ കളിക്കുക. ഇതിഹാസ താരത്തിന്റെ ആദ്യ ലോക കിരീടത്തിനായുള്ള യാത്രയ്ക്ക് ഖത്തറിൽ പരിസമാപ്തി പുൽകുമോ എന്ന ആകാംക്ഷയിലാണ് ലോകം.
“ഒരേ സമയം ചില ഉത്കണ്ഠകളും പരിഭ്രമവും ഉണ്ട്… അത് അവസാനത്തേതാണ്,” സ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
നവംബർ 20ന് ആരംഭിക്കുന്ന ടൂർണമെന്റിൽ തന്റെ ഭാവിയെക്കുറിച്ച് ഇതാദ്യമായാണ് പാരീസ് സെന്റ് ജെർമെയ്ൻ സ്‌ട്രൈക്കർ തുറന്ന് പറയുന്നത്. എന്നാൽ ഖത്തറിന് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിക്കുമോയെന്ന് മെസ്സി വ്യക്തമാക്കിയിട്ടില്ല.
സി ഗ്രൂപ്പിൽ നവംബർ 22 ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ശേഷം മെക്സിക്കോയെയും പോളണ്ടിനെയും ടീം നേരിടും.
“ഞങ്ങൾ പ്രിയപ്പെട്ടവരാണോ എന്ന് എനിക്കറിയില്ല, എന്നാൽ അർജന്റീന അതിന്റെ ചരിത്രം കാരണം ഒരു സ്ഥാനാർത്ഥിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനർത്ഥം ഞങ്ങൾ ഇവിടെയെത്തിയ വഴിയാണ്,” മെസ്സി കൂട്ടിച്ചേർത്തു. “എന്നാൽ ഒരു ലോകകപ്പിൽ എന്തും സംഭവിക്കാം, എല്ലാ മത്സരങ്ങളും വളരെ ബുദ്ധിമുട്ടുള്ളതാണ്, അവിടെ എപ്പോഴും ഫേവറിറ്റുകളല്ല വിജയിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
1978ലും 1986ലുമാണ് മുൻപ് അർജന്റീന ലോകകപ്പ് നേടിയത്.