ഖത്തർ ഇന്റർനാഷണൽ അഗ്രികൾച്ചറൽ എക്‌സിബിഷൻ സമാപിച്ചു, ഒരു ലക്ഷത്തോളം സന്ദർശകരെത്തി

12-ആമത് ഖത്തർ ഇന്റർനാഷണൽ അഗ്രികൾച്ചറൽ എക്‌സിബിഷൻ (AgriteQ) 2025 വിജയകരമായി സമാപിച്ചു, 1,000-ലധികം സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 97,000 സന്ദർശകരെ പ്രദർശനം ആകർഷിച്ചു.
കത്താറ കൾച്ചറൽ വില്ലേജിൽ നടന്ന അഞ്ച് ദിവസത്തെ പരിപാടിയിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 356 പ്രദർശകർ, 114 പ്രാദേശിക ഫാമുകൾ, 22 എംബസികൾ, 46 ചർച്ചാ സെഷനുകളിലായി 50 പ്രഭാഷകർ എന്നിവർ പങ്കെടുത്തു. 40,000 ചതുരശ്ര മീറ്റർ വ്യാപ്‌തിയിൽ ഉണ്ടായിരുന്ന എക്‌സിബിഷൻ ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പായി മാറി.
സമാപന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ സംഘാടക ടീമിനെയും സ്പോൺസർമാരെയും ആദരിച്ചു. ഖത്തറിൻ്റെ കാർഷിക മേഖലയുടെ വളർച്ച കാണിച്ചു കൊണ്ടുള്ള പ്രാദേശിക ഫാമുകളുടെ റെക്കോർഡ് പങ്കാളിത്തം സംഘാടക സമിതി ചെയർമാൻ യൂസഫ് ഖാലിദ് അൽ ഖുലൈഫി എടുത്തുപറഞ്ഞു.
കൂടുതൽ പച്ചക്കറികൾ വളർത്തുന്നതിനും കൂടുതൽ കാലം ഭക്ഷണം സംഭരിക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക ഫാമുകളെ സഹായിക്കുന്ന പുതിയ കാർഷിക സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിള രോഗങ്ങൾ കണ്ടെത്തുന്നതിന് AI ഉപയോഗിക്കുന്നത് പോലുള്ള നൂതന കാർഷിക ഗവേഷണങ്ങളും സ്‌കൂൾ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു.
ബയോടെക്നോളജി ഫോറത്തിലെ ചർച്ചകൾ സസ്യ ജനിതകശാസ്ത്രം, ജൈവവൈവിധ്യം, കീടനിയന്ത്രണം, പ്രകൃതിദത്ത കീടനാശിനികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു. വേപ്പ് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കീടനാശിനികൾ, അൽഫാൽഫ രോഗം നേരത്തേ കണ്ടെത്തൽ, രാസവസ്തുക്കൾക്കു പകരം കീടങ്ങളെ ചെറുക്കാൻ പ്രാദേശിക സൂക്ഷ്മാണുക്കൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ വിദഗ്ധർ പങ്കുവെച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx