ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച് ഖത്തർ

ഗാസ മുനമ്പിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഗാസയിൽ ഇപ്പോൾ നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്ന അപകടകരമായ നടപടിയാണിതെന്ന് ഖത്തർ പറഞ്ഞു.
ഈ തീരുമാനം ഗാസയിലെ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും സ്ഥിരം വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
ഈ തീരുമാനം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‌താവനയിലൂടെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സിവിലിയന്മാർക്കെതിരെ ആയുധമായി പട്ടിണിയെ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടു.
ഗാസയിലേക്കു കൃത്യമായ മാനുഷികസഹായം എത്തിക്കുന്നതിൽ തടസമുണ്ടാക്കാതിരിക്കാൻ ഇസ്രായേലിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
പലസ്‌തീൻ ജനതയ്ക്കും അവരുടെ അവകാശങ്ങൾക്കുമുള്ള പിന്തുണ ഖത്തർ ആവർത്തിച്ചു. ഈ പിന്തുണ അന്താരാഷ്ട്ര നിയമത്തെയും 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്‌തീൻ രാജ്യം സ്ഥാപിക്കുകയെന്ന പരിഹാരത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഖത്തർ പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t