ദോഹ: ദേശീയ കായിക ദിനം സജീവമായി ആഘോഷിച്ച് ഖത്തർ. ഖത്തർ നിവാസികൾ രാവിലെ മുതൽ തുറസ്സായ സ്ഥലങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ ഏർപ്പെടുന്നത് കാണാമായിരുന്നു. ദേശീയ കായിക ദിനാചരണത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാവിലെ പങ്കെടുത്തു. നിരവധി സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം അൽ ബൈത്ത് സ്റ്റേഡിയം പാർക്കിലാണ് അമീർ ദിനാഘോഷത്തിന്റെ ഭാഗമായത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി ഖത്തർ പാരാലിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തു.
ആസ്പയർ പാർക്കും ഖത്തർ ഫൗണ്ടേഷനുമാണ് കായിക ദിനത്തിന്റെ കാഴ്ച്ചകൾ ഏറ്റവുമധികം കണ്ട രണ്ടിടങ്ങൾ. ഇവിടെ നിരവധി ആളുകൾ ഏതെങ്കിലും തരത്തിലുള്ള ഫിറ്റ്‌നസ് ദിനചര്യകളിൽ പങ്കുചേർന്നു. ഖത്തർ ഫൗണ്ടേഷൻ തങ്ങളുടെ കാമ്പസിനുള്ളിൽ ഇന്ന് കാറുകളുടെ സാന്നിധ്യം പൂർണമായും നിരോധിച്ച് പരിസ്ഥിതി സൗഹൃദ ദിനമാക്കി മാറ്റി.
ഫൗണ്ടേഷൻ ക്യാംപസിൽ ബ്രിട്ടീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം കായിക പരിപാടികളിൽ പങ്കെടുത്തു.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക പ്രവർത്തനങ്ങൾക്കായി 98 പാർക്കുകളും ഗിയറുകളും മുനിസിപ്പാലിറ്റി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
2012 മുതലാണ് ഖത്തർ നാഷണൽ സ്പോർട്ട് ഡേ ആചരിച്ചു തുടങ്ങിയത്. ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദിനം.
പത്താം വർഷത്തിൽ, ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫുട്‌ബോൾ വേൾഡ് കപ്പിനെ വരവേൽക്കാൻ ഒരുങ്ങുക കൂടിയാണ് രാജ്യം. അത് കൊണ്ട് തന്നെ ഇതിനോടകം രാജ്യത്തെ പ്രമുഖ ആഘോഷമായി മാറിക്കഴിഞ്ഞ ദിനത്തിന് മാറ്റു കൂടുന്നു. “സ്പോർട്ട്സ് ആണ് ജീവിതം” എന്ന മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ ദിനാചരണം.