സ്പോർട്ട്സിന്റെ നവീകരണത്തിന് പുതിയ മുഖം, ആദ്യ ഇന്റർനാഷണൽ പിഎസ്ജി ലാബ് ദോഹയിൽ തുറക്കും

ഫ്രഞ്ച് ക്ലബായ പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) ചൊവ്വാഴ്ച്ച ഖത്തറിൽ നടന്ന വെബ് ഉച്ചകോടിയിൽ പിഎസ്ജി ലാബ്സ് എന്ന പുതിയ പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. സ്പോർട്സിലേക്ക് പുതിയ സാങ്കേതികവിദ്യകളെ കൊണ്ടുവരാനും ആരാധകരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രകടനം വർദ്ധിപ്പിക്കാനും ഈ ആഗോള സംരംഭം ലക്ഷ്യമിടുന്നു.
സ്പോർട്ട്സ് ഇന്ഡസ്ട്രിയെ മാറ്റാൻ കഴിയുന്ന തരത്തിലുള്ള നൂതനമായ മാർഗങ്ങൾ സൃഷ്ടിക്കുന്നതിന് കഴിവുള്ള സ്റ്റാർട്ടപ്പുകൾ, സംരംഭകർ, സാങ്കേതിക പങ്കാളികൾ എന്നിവരെ കണ്ടെത്തി പിന്തുണയ്ക്കുന്ന ക്ലബ്ബിൻ്റെ ഇന്നൊവേഷൻ ഹബ്ബായി PSG ലാബ് പ്രവർത്തിക്കുമെന്ന് പിഎസ്ജി അറിയിച്ചു.
നവീകരണത്തോടുള്ള പ്രതിബദ്ധത കാണിക്കുന്നതിനായി, PSG അതിൻ്റെ ആദ്യത്തെ ഇന്റർനാഷണൽ പിഎസ്ജി ലാബും ദോഹയിൽ തുറക്കുന്നു. ഈ നീക്കം ക്ലബിനെ ആഗോളതലത്തിൽ വളരാനും സ്പോർട്ട്സ് ടെക്നോളജിയിൽ അതിൻ്റെ പങ്ക് ശക്തിപ്പെടുത്താനും മിഡിൽ ഈസ്റ്റിൽ പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കാനും സഹായിക്കും.
മൈതാനത്തിനകത്തും പുറത്തും പിഎസ്ജി എപ്പോഴും നവീകരണത്തിന് നേതൃത്വം നൽകിയിട്ടുണ്ടെന്ന് ക്ലബ് പ്രസിഡൻ്റ് നാസർ അൽ ഖെലൈഫി പറഞ്ഞു. സ്പോർട്സിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ദൗത്യത്തിലെ സ്വാഭാവിക ചുവടുവെപ്പാണ് PSG ലാബ്സ്. ലോകമെമ്പാടുമുള്ള മികച്ച ഇന്നൊവേറ്റർമാരുമായി പ്രവർത്തിക്കുന്നതിലൂടെ, നമുക്ക് പുതിയ ആശയങ്ങൾക്ക് ജീവൻ നൽകാനും ആഗോള ഇന്നൊവേഷൻ ലീഡർ എന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും കഴിയും. ദോഹയിലെ ഞങ്ങളുടെ ആദ്യത്തെ ഇന്റർനാഷണൽ പിഎസ്ജി ലാബ് ഉപയോഗിച്ച്, ആഗോള നവീകരണത്തെ നയിക്കാനും സ്പോർട്ട്സ് ഇന്ഡസ്ട്രിക്ക് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx