രേഖകളില്ല; നടപടികൾ വൈകിയ മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്
ഖത്തറിലെ ഇന്ഡസ്ട്രിയൽ ഏരിയയിൽ അപകടത്തിൽ മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മധു ആലിക്കപറമ്പിലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 7 മണിക്ക് കോഴിക്കോട്ടേക്കുള്ള ഇന്ഡിഗോ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. രേഖകൾ ലഭ്യമല്ലാത്തതിനാൽ നടപടികൾ വൈകി ഹമദ് മോർച്ചറിയിലായിരുന്ന മൃതദേഹം ഖത്തർ കെ.എം.സി.സി.യുടെ ഇടപെടലിലാണ് നാട്ടിലെത്തിക്കുന്നത്.
ഒരാഴ്ചയിലധികം മുൻപാണ് 52 കാരനായ മധു ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ അപകടത്തിൽ മരിക്കുന്നത്. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഏതാനും ദിവസങ്ങൾക്ക് ശേഷം മാത്രമാണ് തിരിച്ചറിയാനായത്. 2016 ൽ വീസയുടെയും 2019 ൽ പാസ്പോർട്ടിന്റെയും കാലാവധി തീർന്നിരുന്നു.
15 വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത അദ്ദേഹത്തിന്റെ മറ്റു രേഖകളോ വിവരങ്ങളോ കണ്ടെടുക്കാനായില്ല. ഇതേതുടർന്ന് യാത്ര സാധ്യമല്ലാത്തതിനാൽ മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
ശേഷം ഖത്തർ കെഎംസിസി ഏറെ ശ്രമകരമായി ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ പഴയ പാസ്പോർട്ട് നമ്പർ വച്ച് താത്കാലിക യാത്രാരേഖകൾ ശരിയാക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് ഐൻ ഖാലിദിൽ ഗ്രോസറി നടത്തിയിരുന്ന മധു സമീപവർഷങ്ങളിലായി ഒറ്റപ്പെട്ടായിരുന്നു കഴിഞ്ഞത്. പരിചയക്കാർക്ക് ഉൾപ്പെടെ വിവരം ലഭ്യമായിരുന്നില്ല.