ഖത്തർ ലോകകപ്പിലെത്തുമ്പോൾ ആരാധകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന പേരിൽ പ്രചരിക്കുന്ന “ഖത്തർ വെൽക്കംസ് യു” എന്ന പേരിലുള്ള പോസ്റ്ററിന് ഒദ്യോഗിക സ്രോതസുകളുമായി യാതൊരു ബന്ധവുമില്ല. പോസ്റ്ററിൽ പറയുന്ന വിധത്തിലുള്ള നിയന്ത്രണങ്ങൾ ഖത്തർ സർക്കാരോ സുപ്രീം കമ്മറ്റിയോ പുറത്തിറക്കിയിട്ടില്ല. പോസ്റ്റർ വ്യാജമാണെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.
അതേസമയം, അഭ്യൂഹങ്ങളെ നിരാകരിക്കുന്ന സമ്പൂർണമായ ഫാൻ ഗൈഡ് അധികൃതർ ഉടൻ പുറത്തിറക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
ഖത്തറും ലോകകപ്പ് ഇവന്റും സന്ദർശിക്കാൻ രാജ്യം ഏവർക്കും സ്വാഗത സന്നദ്ധമാണെന്നത് സുവ്യക്തമാണ്. എല്ലായ്പ്പോഴും, തുറന്നതും സഹിഷ്ണുവും ആതിഥ്യ മര്യാദയുള്ളതുമായ രാജ്യമാണ് ഖത്തർ. അന്താരാഷ്ട്ര ആരാധകർക്ക് ഈ അനുഭവം ഏറ്റവും മികച്ചതായി നൽകും, കമ്മറ്റി പറഞ്ഞു.
മദ്യപാനം, ഡേറ്റിംഗ്, സ്വവർഗ പ്രണയം, ഉയർന്ന ശബ്ദത്തിലുള്ള സംഗീതം, തുടങ്ങിയവയൊന്നും അനുവദനീയമല്ലെന്ന തരത്തിലാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിച്ചത്. ഖത്തർ സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളാണ് ഇവ എന്ന നിലയിൽ ആയിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ഈ പോസ്റ്റർ മുൻ നിർത്തി ഒട്ടേറെ ട്രോളുകളും പ്രചരിച്ചു.
എന്നാൽ ‘ഷോ യുവർ റെസ്പെക്ട്’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ച പോസ്റ്റർ ഒരു ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് വന്നത്. ഇവർക്ക് ഔദ്യോഗിക സ്രോതസ്സുമായി യാതൊരു ബന്ധവുമില്ല.