ലീബൈബ് ഹെൽത്ത് സെൻ്ററിൽ വൃദ്ധജനങ്ങൾക്കുള്ള ഇൻ്റഗ്രേറ്റഡ് കെയർ സേവനങ്ങൾ ആരംഭിച്ച് പിഎച്ച്സിസി
ലീബൈബ് ഹെൽത്ത് സെൻ്ററിൽ വൃദ്ധജനങ്ങൾക്കുള്ള ഇൻ്റഗ്രേറ്റഡ് കെയർ (ഐസിഒപിഇ) സേവനങ്ങൾ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ആരംഭിച്ചു. അൽ വജ്ബ, റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെൻ്ററുകൾക്ക് ശേഷം വൃദ്ധജനങ്ങളുടെ പരിചരണത്തിനായി പ്രസ്തുത പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ആരോഗ്യ കേന്ദ്രമാണിത്.
ലോകാരോഗ്യ സംഘടനയുടെ ICOPE പ്രോഗ്രാം പ്രായമായവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പിന്തുണ നൽകുന്ന ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സഹായിക്കാനും അവരുടെ പ്രവർത്തന ശേഷി മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പ്രോഗ്രാമിന്റെ ഭാഗമായി അപകടസാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ്, സമയബന്ധിതമായ സഹായം നൽകിക്കൊണ്ട് ആരോഗ്യകരമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കാൻ PHCC ആഗ്രഹിക്കുന്നു.
പ്രായമായ ആളുകൾക്ക് ശാരീരികവും മാനസികവുമായ കഴിവുകൾ കുറയാനുള്ള സാധ്യത കൂടുതലായതിനാൽ, അവരെ സഹായിക്കാൻ PHCC ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്നു പ്രവർത്തിക്കുന്നു. ക്ലിനിക് 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കുള്ളതാണ്, അവർക്ക് ശരിയായ സമയത്ത് ശരിയായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ടീമിനെ തന്നെ ചുമതലപ്പെടുത്തുന്നുണ്ട്.
കാഴ്ച, കേൾവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അറിവുകൾ ഇല്ലാതാവുക, വിഷാദം, പോഷകാഹാരക്കുറവ്, ചലനശേഷി നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളുള്ള രോഗികളെ ഇവിടെ ചികിത്സിക്കും. ലീബൈബ് ഹെൽത്ത് സെൻ്ററിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കാണ് ഈ സേവനം ആദ്യം ലഭ്യമാവുക. അവരെ ആദ്യം പരിശോധനകൾക്കായി ക്ഷണിക്കും. പിന്നീട്, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള റഫറലുകൾ ഈ ക്ലിനിക്ക് സ്വീകരിക്കും.
എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ക്ലിനിക്ക് തുറന്നിരിക്കും. ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുക മാത്രമല്ല, പ്രായമായവരെ അവരുടെ കമ്മ്യൂണിറ്റികളിൽ സജീവമായി തുടരാനും സഹായിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.