ഡോക്ടർമാർക്കും സ്പെഷ്യലിസ്റ്റുകൾക്കുമായി ഒക്യൂപ്പേഷണൽ ഹെൽത്തിനെക്കുറിച്ചുള്ള ട്രെയിനിങ് വർക്ക്‌ഷോപ്പ് നടത്തി ആരോഗ്യമന്ത്രാലയം

വിവിധ മെഡിക്കൽ മേഖലകളിൽ നിന്നുള്ള ഡോക്ടർമാർക്കും സ്പെഷ്യലിസ്റ്റുകൾക്കും വേണ്ടി, ഒക്യൂപ്പേഷണൽ ഹെൽത്തിനെക്കുറിച്ചുള്ള ട്രെയിനിങ് വർക്ക്‌ഷോപ്പ് നടത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പ്രാഥമികാരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് ജോലി സംബന്ധമായുണ്ടാകുന്ന രോഗങ്ങളും പരിക്കുകളും തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഡോക്ടർമാരുടെ കഴിവുകളും അറിവും മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വർക്കേഴ്‌സ് ഹെൽത്ത് സെന്ററുകൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽ നിന്നുള്ള 40-ഓളം ഡോക്ടർമാർ പരിശീലനത്തിൽ പങ്കെടുത്തു. MoPH, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), ഖത്തർ എനർജി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകിയത്.
ജോലി സംബന്ധമായ പരിക്കുകളും അപകടസാധ്യതകളും ആഗോളതലത്തിൽ ഇപ്പോഴും ഗുരുതരമായ ഒരു പ്രശ്നമാണെന്ന് MoPH ലെ തൊഴിൽ ആരോഗ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് അലി അൽ ഹജ്ജാജ് പറഞ്ഞു. ഈ അപകടങ്ങൾ കുറയ്ക്കുന്നതിന്, നിരന്തരമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
2022 ൽ ആരംഭിച്ച ഒരു ട്രെയിനിങ് സീരീസിന്റെ ഭാഗമാണ് ഈ വർക്ക്‌ഷോപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ ഇതുവരെ ഏകദേശം 110 ഡോക്ടർമാർക്ക് പ്രയോജനം ലഭിച്ചു. ഖത്തറിലെ ജോലിസ്ഥലങ്ങൾ സുരക്ഷിതവും തൊഴിൽ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും മുക്തവുമാക്കുക എന്നതാണ് ലക്ഷ്യം.
ഒക്യൂപ്പേഷണൽ മെഡിസിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ, പരിക്കുകൾ തടയാനുള്ള വഴികൾ, ജോലിസ്ഥലത്തെ അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം, ജോലിസ്ഥലത്ത് ആരോഗ്യം എങ്ങനെ പ്രോത്സാഹിപ്പിക്കാം തുടങ്ങിയ പ്രധാന മേഖലകളാണ് വർക്ക്ഷോപ്പിൽ ഉൾപ്പെടുത്തിയത്. ഭാവിയിൽ കൂടുതൽ പരിശീലന സെഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഡോ. അൽ ഹജ്ജാജ് പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon