ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകിയില്ല, അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം
ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകാത്തതിന്റെ പേരിൽ അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വാണിജ്യ, വ്യവസായ സ്ഥാപനങ്ങളെയും പൊതുസൗകര്യങ്ങളെയും തെരുവു കച്ചവടത്തെയും നിയന്ത്രിക്കുന്ന 2015ലെ അഞ്ചാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 18 ന്റെ ലംഘനമാണിതെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ മാർക്കറ്റുകൾ നിരീക്ഷിച്ച്, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും പൊതു സൗകര്യങ്ങളും അവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നു വിലയിരുത്താനും പൊതുവായ ആവശ്യങ്ങൾ ഇവർ നിറവേറ്റുന്നുണ്ടോ എന്നറിയാനുമുള്ള രാജ്യവ്യാപകമായ ക്യാമ്പയ്‌നിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
നിയമങ്ങളും ക്യാബിനറ്റ് തീരുമാനവും കൃത്യമായി പാലിക്കാതിരിക്കുന്ന സ്ഥാപനങ്ങളെ ഇത്തരം ക്യാമ്പയിനുകളിലൂടെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ 16001 എന്ന കോൾ സെൻ്റർ നമ്പർ വഴിയോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.