രക്ഷിതാവിന്റെ പരാതി, സ്വകാര്യ സ്‌കൂളിലെ പാഠഭാഗം നീക്കാൻ ഉത്തരവിട്ട് ഖത്തർ വിദ്യാഭ്യാസ വകുപ്പ്
ദോഹ: രക്ഷിതാവിന്റെ പരാതിയെത്തുടർന്ന് സ്വകാര്യ സ്‌കൂളിലെ പാഠഭാഗം നീക്കാൻ ഉത്തരവിട്ട് ഖത്തർ വിദ്യാഭ്യാസ വകുപ്പ്, ഒപ്പം തുടർ നിയമനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്‌തു. ഒരു സ്വകാര്യ സ്‌കൂളിലെ ഗ്രേഡ് 10 ലെ പാഠഭാഗത്തെച്ചൊല്ലി സെപ്റ്റംബർ 14 ന് ഒരു രക്ഷിതാവ് നൽകിയ പരാതിയിന്മേലാണ് നടപടി.
പാഠഭാഗം സാമൂഹ്യ മൂല്യങ്ങൾക്കും ആചാരമര്യാദകൾക്കും ഇസ്‌ലാം മതത്തിനുമെതിരാണ് എന്നായിരുന്നു പരാതി. ഇതിനെത്തുടർന്ന് പ്രസ്തുത സ്‌കൂൾ സന്ദർശിച്ചു വിലയിരുത്തിയ വകുപ്പ് പ്രതിനിധികൾ പാഠഭാഗങ്ങളുടെ റിവിഷനെ സംബദ്ധിച്ചുള്ള സർക്കുലർ, സ്‌കൂൾ ലംഘിച്ചതായി കണ്ടെത്തി.
തുടർന്ന് എല്ലാ സ്‌കൂളുകളിലെയും പാഠഭാഗങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും സമാനരീതിയിലുള്ള നിയമലംഘനങ്ങൾ സംഭവിച്ചിട്ടില്ല എന്നുറപ്പ് വരുത്തുകയുമായിരുന്നു. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് മുൻപായി വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചു.
നിയമലംഘനം നടത്തിയ പാഠഭാഗം അതിവേഗം നീക്കം ചെയ്യുന്നതിനൊപ്പം സ്‌കൂളിനെതിരെ നടപടികൾക്ക് ശുപാർശ ചെയ്തതായും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.